STAY WITH US

ചെറുപ്പകാലം: ചില ഓർമ്മകൾ ബാക്കി

             തൊണ്ണൂറുകളിൽ അന്നാട്ടിൽ വൈദ്യുതി എത്തിയിട്ടില്ല.  മണ്ണെണ്ണ വിലക്കാണ് പ്രധാന ആശ്രയം. ഓട്ടു വിളക്കിൽ പഴംതുണി തുറുത്തു ഇട്ടു മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു വെക്കും. പത്താം  ക്ലാസ്സുവരെ മണ്ണെണ്ണ വിളക്കത്തിരുന്നാണ് ആ നാട്ടിലെ എന്റെ പ്രായമുള്ള പിള്ളേരെല്ലാം  പഠിച്ചിരുന്നത്.  മണ്ണ് തേച്ച ഭിത്തികളുള്ള ചാണകം മെഴുകിയ നിലമുള്ള ചെറിയ വീടുകളായിരുന്നു അന്നാട്ടിൽ മുന്തിയ പങ്കും. ഇടക്കൊന്നോ രണ്ടോ സിമെന്റിട്ട വീടുകളുമുണ്ട്, മാർബിൾ ഇട്ട വീടൊന്നും അക്കാലത്തു അവിടെ കണ്ടിട്ടേ ഇല്ല എന്ന് തന്നെ പറയാം.  മലമേട്ടിൽ കാപ്പിയും കുരുമുളകും ഒപ്പം തിന്നാൻ കാച്ചിലും കപ്പയും ചെമ്പുമൊക്കെ നടുന്ന ആളുകളുടെ നാട്. ഇട്ട കപ്പയോക്കെ മുള്ളൻ വന്നു കുത്തിമറിച്ചിടാറുമുണ്ട്.  

                     ഞായറാഴ്ച വൈകിട്ടാകുമ്പോളേക്കും പിള്ളേരെല്ലാം കൂടി ടിവി കാണാൻ മലമുഴുവൻ കയറി അമ്മാച്ചന്റെ (സ്വന്തം അമ്മാച്ചനല്ല കേട്ടോ, നാട്ടിലെ ഒരു ചെറുപ്പക്കാരൻ ചേട്ടായിക്ക് ഇട്ടേക്കണ പേരാണത്‌ ) വീട്ടിലോ ചെറിയമ്പുറം വീട്ടിലോ എത്തും, ചരിയംപുറത്താകുമ്പോൾ കളർ ടീവി ആണ്.  ടീവി  കാണാൻ പോകുന്ന കഥ പിന്നീടൊരിക്കൽ പറയാം.

            വീടിനു വശത്തുള്ള പ്ലാവിന്റെ വശത്തൂടെ പറമ്പിലേക്കു  കേറി  കുരുമുളക് കൊടി കേറിക്കിടക്കുന്ന മുള്ളുമുരിക്കിന്റെ അരികിലൂടെ പോകുമ്പോൾ വശങ്ങളികൾ മൂന്നു നാലു കമുകുകൾ ഉയരത്തിൽ നില്പുണ്ട്. പിന്നെയും മുന്നോട്ടു നടന്നു വളഞ്ഞു പുളഞ്ഞു വളർന്ന രണ്ടു ചെറിയ വീട്ടി മരമുണ്ട്, അതും കടന്നു ചെന്നാൽ ഓമനക്കുട്ടൻ ചേട്ടന്റെ പറമ്പിന്റെ അതിരാണ്.  പണ്ടെങ്ങോ അതിരിലെ വേലിക്കു കുത്തിയ ശീമക്കൊന്ന കമ്പുകളിൽ ഒന്നോ രണ്ടോ എണ്ണം മാത്രം അവിടെ ഇവിടെയായി നിൽക്കുന്നുണ്ട്. അതിരു കടന്നു കയറുന്നതു ഓമനക്കുട്ടൻ ചേട്ടന്റെ വീട്ടിലേക്കാണ്. മുറ്റത്തിന്റെ മുന്നിലായി നിറയെ കായ്ച്ചു പഴുത്തു കിടക്കുന്ന കാന്താരിമുളക്കുള്ള ഒന്ന് രണ്ടു ചീനികൾ. വീടിനു മുന്നിലെ ഒരു കല്ലിൽ ഇരുന്നു മനോരമ ആഴ്ചപ്പതിപ്പ് വായിച്ചിരിക്കുന്ന സിന്ധുചേച്ചിയെ മിക്കപോളും  അവിടെ കാണാം. മുറ്റത്തിന്റെ അപ്പുറത്തേക്ക് നടന്നാൽ മഴക്കാലം മുഴുവൻ വെള്ളം കിട്ടുന്ന ഒരു ഉറവയും അത് വീഴുന്ന ഒരു ചെറിയ ഓലിയുമുണ്ട്.  ഓലിക്കടുത്തൊരു ഞാവൽ മരമുണ്ട്, മരത്തിന്റെ വശത്തൂടെ പിന്നെയും നടന്നാൽ ഓമനകൂട്ടന്റെ പറമ്പിന്റെയും അതിർത്തിയെത്തും. അതിർത്തിയോടു ചേർന്ന് ഒരു ഉരുളൻ പാറക്കല്ലിനോട് ചേർന്ന് എൽസി ചേച്ചിയുടെ പന്നിക്കൂടാണ്.  ചെളികുത്തിയിട്ടു നിക്കുന്ന പന്നികളുള്ള പന്നിക്കൂടിന്റെ വശത്തൂടെ നടന്നു എൽസി ചേച്ചിടെ വീടിന്റെ മുറ്റത്തേക്കെത്താം. അവിടെ തുണി അലക്കാനുള്ള ഒരു കല്ലുണ്ട്, അതിന്റെ മുകളിൽ ലൈഫ്ബോയ് സോപ്പും പിന്നിവെച്ചിയരികുന്ന ചകിരിയുമുണ്ടാകും. അന്നത്തെ സന്തത സഹചാരിയായിരുന്ന പാരഗൺ ചെരുപ്പും കാലും തേച്ചുകഴുകാനുള്ളതാണത്. അലക്കു കല്ലിനു താഴെയായി പറമ്പിനു താഴെ കപ്പളത്തിൽ കിളികൊത്തിയ പഴുത്ത കറുമൂസകളുണ്ട്.  മുറ്റത്തിന്റെ ഒരു വശം മുഴുവനും സീനിയ ചെടികൾ വളർന്നു പൂത്തു നിൽക്കുന്നു. മുറ്റത്തിന്റെ വീതിയുള്ള സ്ഥലത്തു ചാണകം മെഴുകിയ മുള കൊണ്ടുണ്ടാക്കിയ പറമ്പിൽ പച്ചക്കുരുമുളകു ഉണങ്ങാനിട്ടിട്ടുണ്ട്. വീടിനു മുന്നിലെ കല്ലുകൊണ്ടുള്ള   നടയിലൂടെ തെങ്ങിന്റെയടുത്തുകൂടെ താഴെ റോഡിലേക്കിറങ്ങാം. അതിലൂടെ പോകാതെ അടുക്കള വശത്തൂടെ വളർന്നു പടർന്നു നിക്കുന്ന കാപ്പിച്ചെടികൾക്കടിയിലൂടെ നടന്നാൽ ചെന്ന് കേറുന്നത് ആലുവക്കാരുടെ വീട്ടിലാണ്.   മാവിന്റെ ചുവട്ടിലായി അലക്കു കല്ലും ഒരു ബാർ സോപ്പും.  കാപ്പിക്കുരു ഉണങ്ങാനിട്ടിരിക്കുന്ന മുറ്റത്തുകൂടി നടന്നാൽ മറ്റേവശത്തു പശുതൊഴുത്താണ്.  അവിടെ നിന്നും ചാണകമെടുക്കാനുള്ള വരവായിരുന്നു ഇത്. 

''ലിസി ചേച്ചി ഇച്ചിരെ ചാണകം എടുക്കുവാണേ '' 

ഉറക്കെ വിളിച്ചു പറഞ്ഞു തൊഴുത്തിൽ കയറി ഒരു വലിയ പോളിത്തീൻ കൂടു നിറയെ  ചാണകമെടുക്കും. വന്ന വഴി തന്നെയാണ് തിരിച്ചു പോക്ക്. എൽസി ചേച്ചിടെ വീടിന്റെ നിലവും ചാണകത്തിലാണ് മെഴുകാറു. നല്ല കറുത്ത നിറം  കിട്ടാൻ എവെരെഡി ബാറ്ററി കരി ചുറ്റികകൊണ്ട് പൊടിച്ചു  എടുത്തു ചാണകവുമായി മിക്സ് ചെയ്തു മെഴുകിയിട്ടിരിക്കുന്ന പുരക്കകവും തിണ്ണയും.   മൺ ഭിത്തിയാണ് :  പുറകുവശത്തെ മാണ്ഡിയിൽ നിന്നും ഇളക്കി എടുത്ത സിൽവർ നിറമുള്ള മണ്ണ് കലക്കി പൂശിയ ഭിത്തികൾ. വീടിന്റെ. മുൻവശവും ഉള്ളു വശവും  മാത്രമാണ് ഇങ്ങനെ ചെയ്യുക. ചാണകവുമായി വീട്ടിലെത്തിയാൽ കരിപൊടിച്ചു നന്നായി കുഴച്ചെടുക്കും, ഇടക്കെടക്ക്. പൊളിഞ്ഞ നിലത്തു. മണ്ണ് തേച്ചു നിരപ്പാക്കി ചാണകം മെഴുകും. ഉണങ്ങി കഴിഞ്ഞാൽ ചൂല് വെച്ചൊന്നടിച്ചു പൊടിയൊക്കെ മറ്റും.  കഥ   തുടരും...                                                 

നടന്നു കയറിയ നിരവധി നടകല്ലുകളിൽ ചിലതു 


നമ്മുടെ നാട്ടിലെ ഒരു ഗ്രാമ്പുമരം