"സാർ, സാർ...''
മയക്കത്തിനിടയിൽ ആരോ വിളിക്കുന്ന പോലെ തോന്നി കണ്ണ് തുറന്നു നോക്കുമ്പോൾ ബസിന്റെ താഴെ നിന്ന് ഒരു ചെമ്പിച്ച മുടിയുള്ള പയ്യൻ,
"സ്റ്റാർ വേണോ സാർ..?’’
വേണ്ടാന്ന് തലയാട്ടി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്തിന്റെ ആലസ്യം മാറാതെ ഞാൻ പറഞ്ഞു. ബസ് മുന്നോട്ടു നീങ്ങി തുടങ്ങി എന്റെ ഓർമ്മകൾ പിന്നിലേക്കും...
ഡിസംബർ ആയിരിക്കുന്നു എത്ര പെട്ടെന്നാണ് മാസങ്ങൾ കടന്നു പോകുന്നത്, എം ടി സാർ പറഞ്ഞ പോലെ വർഷങ്ങളെ ഒന്ന് മാറി നിൽക്കുന്ന ഓർമകളുടെ അസ്തിമാടം ഞാൻ ഒന്ന് കണ്ടു കൊള്ളട്ടെ...
മലമുകളിലേ വീട്ടിൽ നിന്ന് നോക്കിയാൽ അക്കരെ പൂതാളി മല കാണാം. ഡിസംബർ മാസം ആയാൽ ഓരോ വീട്ടിലും നക്ഷത്ര വിളിക്ക് തെളിയും. ഇരുട്ടിൽ മൂടിയ കുന്നിൻ മുകളിൽ പച്ചയും, ചുവപ്പും, മഞ്ഞയും പല നിറങ്ങളും ഉള്ള നക്ഷത്ര വിളക്കുകൾ...
അനീഷ് ചേട്ടായിയോട് നാളെ ഒരു നക്ഷത്രം ഉണ്ടാക്കി തരുമോന്നു ചോദിക്കണം! ക്രിസ്മസ് കാലം ആയാൽ ചേട്ടായി സ്റ്റാർ ആണ്. സ്റ്റാർ ഉണ്ടാക്കി ഞങ്ങടുടെ ഇടയിൽ സ്റ്റാർ ആയ ആള്!!!
അന്നൊക്കെ നക്ഷത്രം ഉണ്ടാകുന്നതു ഈറ്റ കൊണ്ടാണ്. പറമ്പിൽ നിന്ന് ഈറ്റ വെട്ടി കൃത്യമായ അളവിൽ മുറിച്ച് നൂലും റബ്ബർ ബാന്റും ഉപയോഗിച്ച് കെട്ടി അതിൽ വർണ കടലാസ് ചേർത്ത് ഒട്ടിച്ചു നക്ഷത്രമാക്കും. അങ്ങനെ ചെറുതും വലുതുമായ ഒരുപാടു നക്ഷത്രങ്ങൾ. അന്നത്തെ കാലത്തു മിക്ക വീട്ടിലും കറന്റ് ഒന്നുമില്ലാരുന്നു. രാത്രിയാകുമ്പോൾ നക്ഷത്രത്തിന്റെ അകത്തു മണ്ണെണ്ണ വിളക്ക് വെക്കും അല്ലേൽ മെഴുകു തിരി കത്തിച്ചു വെക്കും. വീടിന്റെ മുൻപിൽ തൂക്കിയിട്ട നക്ഷത്രങ്ങൾ അങ്ങനെ പ്രകാശ പൂരിതമാകും. നല്ല കാറ്റുള്ള രാത്രിയിൽ നക്ഷത്രത്തിന്റെ വർണക്കടലാസ്സിൽ തീ പിടിച്ചിട്ടുമുണ്ട്. എന്നാലും പിറ്റേദിവസം പുതിയ നക്ഷത്രമുണ്ടാക്കി തൂക്കുമായിരുന്നു. വീടിന്റെ മുൻപിൽ മാത്രമല്ല മാവിന്റെ കൊമ്പിലും വെട്ടി നാട്ടിയ ഇല്ലിയുടെ തുഞ്ചത്തുമൊക്കെയായി നക്ഷത്രങ്ങൾ തൂങ്ങിയാടി നിന്നു. നക്ഷത്രങ്ങൾക്കൊപ്പം മിന്നിത്തെളിഞ്ഞു ആയിരക്കണക്കിന് മിന്നാമിനുങ്ങുകളും.
ക്രിസ്മസ് പരീക്ഷ കഴിഞ്ഞാൽ പിന്നെ കരോൾ പാട്ട് പഠിത്തം ആണ് മെയിൻ. കുന്നിൻ ചെരുവിലെ പറമ്പിൽ അന്ന് കുറച്ചു റബ്ബർ മരങ്ങൾ ഉണ്ടായിരുന്നു അതിന്റെ ഏകദേശം ഒത്ത നടുവിൽ വലിയൊരു പാറ ഉണ്ട്, അവിടെ ആ പാറപ്പുറത്തിരുന്നാണ് കരോൾ പാട്ട് പഠിത്തം. സിജു ചേട്ടായി ആണ് പാട്ടുപഠിപ്പിച്ചു തരുന്നത്. സിജു ചേട്ടയിക്ക് ശേഷം കുട്ടപ്പൻ( ടൈറ്റസ്ചേട്ടായി) ആ റോള് ഏറ്റെടുത്തു. പള്ളിയിൽ നിന്ന് കൊണ്ട് വരുന്ന ഡ്രം ഒക്കെയുണ്ട് പാട്ട് പഠിക്കാൻ. പാറയുടെ ഒരു അറ്റത്ത് കരിയിലയും കമ്പുകളുമൊക്കെ കൂട്ടിയിട്ടു തീയിടും. ഡിസംബർ അല്ലേ നല്ല തണുപ്പാണ്. ഡിസംബർ ആയകൊണ്ട് തെളിഞ്ഞ ആകാശമാണ്, താരകങ്ങൾ പൂത്ത വാനത്തിനു താഴെ തീച്ചൂടുമടിച്ചു ഡ്രം കൊട്ടിപ്പാടി കുറെ യുവാക്കളും കുട്ടികളും. പിന്നീട് ആ കാലഘട്ടത്തിൽ ഇറങ്ങിയ ഹിറ്റ് സിനിമാ പാട്ടുകളുടെ പാരടി ആയി ട്രെൻഡ്. അങ്ങനെ കരോൾ പാട്ടു പഠിത്തത്തിന്റെ കുറെ വർഷങ്ങൾ.
ഡിസംബർ ഇരുപത്തി നാലാം തിയതി പാതിരാത്രി പള്ളിയിൽ പോക്ക് ആയിരുന്നു മറ്റൊരു രസമുള്ള ക്രിസ്മസ് ഓർമ്മ. വീട്ടിൽ നിന്ന് പള്ളിയിയിലേക്ക് ഏകദേശം ഒരു ഒന്നര-രണ്ടു കിലോമീറ്റർ ദൂരം ഉണ്ട്. മലയിറങ്ങി പള്ളിയിലെത്തണം. ചേട്ടായി മാരുടെ കൂടെ ആണ് പള്ളിയിൽ പോക്ക് അതിൽ ഷാജി ചേട്ടായി, സോബി ചേട്ടായി, ജോബി ചേട്ടായി, ടൈറ്റസ് ചേട്ടായി അനിയൻ ചേട്ടായി (ഒറിജിനൽ പേര് ജോബി എന്താണെങ്കിലും ഞങ്ങൾക്ക് പുള്ളി അനിയൻ ചേട്ടായി ആണ് ). അന്നൊക്കെ നല്ല കിടിലം തണുപ്പാണ് മൂന്നാറിന്റെ സമീപ സ്ഥലം ആയതു കൊണ്ട് തണുപ്പ് അത് പോലെ ആവും. പള്ളിയിലെ കർമ്മങ്ങൾ വെളുപ്പിന് മൂന്നര വരെ ഒക്കെ ഉണ്ടാകും. പാതിരാകുർബാനക്ക് വരുന്നവരെകൊണ്ട് പള്ളിക്കകമൊക്കെ നിറയും. പിന്നെ വാതിലുകൾക്കു പുറത്തെ പടികളിലൊക്കെയായി കുറേപ്പേർ. പാതിരാത്രിയല്ലേ അകത്ത് ഭിത്തിയരികിൽ ചാരിയിരുന്നു മയങ്ങുന്നുണ്ടാകും വേറെ കുറെ ആളുകൾ. ക്രിസ്തുമസ് ആയാലും പെരുന്നാളായാലും പള്ളിമുറ്റത്തെ ജാതിചോട്ടിലുമുണ്ടാകും കുറേപേർ! അന്ന് പള്ളിക്കടുത്തു തന്നെ ഒരു സ്കൂൾ കെട്ടിടം ഉണ്ടായിരുന്നു. അനിയൻ ചേട്ടായീം ശിങ്കിടികളും രണ്ടു മൂന്നു ബെഞ്ചുകൾ അടുപ്പിച്ചിട്ടു കിടന്നുറങ്ങും. കുർബാന തീരുമ്പോളേക്കും എണീക്കും. കുർബാന കഴിഞ്ഞാൽ പള്ളിമുറ്റത്തൊരു മുട്ടൻ ക്രിസ്മസ് ട്രീ ഉണ്ട് . ആളുകളെല്ലാം അതിനു ചുറ്റും ക്രിസ്മസ് ട്രീ എടുക്കാനുള്ള തിരക്കിലായിരിക്കും. അത് കഴിഞ്ഞാൽ പിന്നെ തിരിച്ചു കുന്നു കയറി വീട്ടിലേക്കു.
വീട്ടിലെത്തുമ്പോളേക്കും അഞ്ചു മണിയാകാറാകും. അമ്മമാർ തലേന്ന് കള്ളൊഴിച്ചു കലക്കി വെച്ചിരിക്കുന്ന മാവ് പുളിച്ചു പൊങ്ങിയിട്ടുണ്ട്. ഇനി കിടന്നാൽ മാവ് കൂടുതൽ പുളിച്ചുപോകും. അങ്ങനെ കാലത്തു തന്നെ നല്ല അടിപൊളി കള്ളപ്പം തയ്യാറാകും. കള്ളപ്പത്തിന്റെ കൂടെ തിന്നാൻ നല്ല ഒന്നാന്തരം പോത്തും. പിന്നെ പകൽ അടുത്തുള്ള എല്ലാ വീട്ടിലും പോകും കള്ളപ്പവും, പോത്തും തന്നെ ആവും എല്ലാ വീട്ടിലേയും പ്രധാന ക്രിസ്തമസ് ഐറ്റംസ്... അതും തിന്നിട്ടു ഞങ്ങൾ എല്ലാരും കൂടി ക്രിക്കറ്റ് കളിക്കും. അത് കഴിയുമ്പോഴേക്കും കരോൾ പോകാൻ ടൈം ആവും. കരോളിന് മുന്നമായി പുൽക്കൂടുണ്ടാക്കുന്ന ഒരു പരുപാടി കൂടി ഉണ്ടു. വൈക്കോൽ ഒക്കെ വെച്ച് ഒരു പുൽകൂട് ഉണ്ടാക്കി പറമ്പിലെ ഒരു മരത്തിന്റെ കൊമ്പ് വെട്ടി അതിനടുത്ത് വെച്ചു അതൽ കൊറേ നക്ഷത്രങ്ങളൊക്കെ ഇട്ട് ഭംഗിയാക്കും, ഇതിനൊന്നും മെനക്കെടാത്തവർ സ്റ്റൂളിന് പുറത്ത് പഴയൊരു വെള്ളമുണ്ട് മടക്കി വിരിച്ച് വെക്കും കൂട്ടത്തിൽ മുറ്റത്തൂന്നു പറിച്ച പൂക്കളും. കരോൾ വരുമ്പോ ഉണ്ണിശോനെ വെക്കാനാണത്. അന്നൊക്കെ പള്ളീന്നു വാർഡുകൾ അനുസരിച്ചാണ് കരോളിന് പോയിരുന്നത്. വലിയ വാർഡുകളിലൊക്കെ പെട്രോൾ മാക്സ് ലൈറ്റ് ഒക്കെയായി കരോൾ വെളുക്കുവോളം നീളും. തുടക്കത്തിലൊക്കെ കരോളിന് നിറയെ ആളുകളുണ്ടാകും പാട്ടുപാടാനും, മിക്കവരും അവരവരുടെ വീടുകളിൽ എത്തീട്ട് പിന്നെ ഉണ്ടാവത്തില്ല. കരോൾ അവസാനത്തെ വീടുകളിലേക്ക് എത്തുമ്പോളേക്കും ആ വാർഡിലെ കൈക്കാരൻ ഒരു കയ്യിൽ ഉണ്ണിശോയും മറ്റേക്കയ്യിൽ പെട്രോൾ മാക്സും കക്ഷത്തിൽ കരോൾ പിരിവിനുള്ള രസീതും ബാഗുമാകുമായി നടക്കും ഡ്രം പിടിക്കുന്ന പിള്ളേരും മാത്രമാകും., കരോൾ പാട്ടൊക്കെ ഏറെക്കൂറെ അവസാനിക്കും. പിന്നീട് വലിയ വാർഡുകളൊക്കെ ചെറുതാക്കി, പോരാത്തേന് പാറേപ്പള്ളി എന്ന ഇടവകേം വന്നു.
ചേട്ടായിമാരൊക്കെ മുകളിലെ വാർഡിലായി. കുട്ടപ്പനും ഞാനും മുകളിലെ വാർഡിലേക്ക് കാരോളിന് പോകും. കാച്ചാപ്പിള്ളി പൗലോസ് ചേട്ടന്റെ വീട്ടിൽ നിന്ന് തുടങ്ങി ചെറിയമ്പുറത്തു ഷാജി ചേട്ടായിടെ വീട്ടിൽ അവസാനിക്കും. രവിച്ചേട്ടൻ ആയിരുന്നു പെർമെനെന്റ് സാന്റ. അമ്പഴം ബിനോയ് ചേട്ടൻ ആണ് മ്യൂസിക് കണ്ട്രോൾ, ഞങ്ങളെ ലീഡ് ചെയ്യുന്നത് മുണ്ടോളിൽ ജോർജ് ചേട്ടൻ ആണ്. ചേട്ടൻ പറയും എന്ത് വേണം എന്നൊക്കെ. അങ്ങനെ ഡിസംബറിലെ രാത്രികൾ ആഘോഷമാക്കി മാറ്റിയ ചെറുപ്പകാലം.
നാട്ടിൽ തണുപ്പ് കുറഞ്ഞിരിക്കുന്നു.
പഴയതുപോലെ ആ കരോളും പാട്ടു പഠിത്തവുമിന്നില്ല. എല്ലാം ഓർമ്മകളിൽ മാത്രം.
‘‘പാലാ പാലാ ചീറ്റുമേടിച്ചവർ ഇറങ്ങിക്കോ’.... ബസിലെ കിളിയുടെ ശബ്ദം
ഓർമ്മകളെ തൽക്കാലം സ്നേഹബന്ധനത്തിലാക്കി ബസിറങ്ങി നഗരത്തിന്റെ തിരക്കിലേക്ക് നടന്നു… ഒപ്പം ജീവിതത്തിന്റെയും.!
![]() |
ക്രിസ്തുമസ് നക്ഷത്രവുമായി.... |
ഒരു നല്ല ക്രിസ്മസ്കാലം എല്ലാവര്ക്കും നേരുന്നു.
ABIN &BIBIN