STAY WITH US

കമ്പിളികണ്ടം സാഗർ ഒരോർമ്മ

            കമ്പിളികണ്ടം സാഗർ തീയേറ്ററിലെ ചില ഓർമകളാണ് ഇന്ന് പങ്കു വെയ്ക്കുന്നത്. അന്നത്തെക്കാലത്തു നമ്മുടെ നാട്ടിൽ സിനിമ കാണാൻ ആകെ ഉണ്ടായിരുന്ന ഒരു തീയേറ്റർ ആണ് കമ്പിളികണ്ടം സാഗർ. കമ്പിളികണ്ടതിനു ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ നിന്നൊക്കെ ആളുകൾ പതിവായി സിനിമ കാണാൻ ഇവിടെ വരുമായിരുന്നു. അന്ന് കമ്പിളികണ്ടം സാഗർ തൊട്ടടുത്തുള്ള തിയേറ്റർ ആണ്, അത് കഴിഞ്ഞാൽ അടിമാലി മാതയും അപ്സരയും. നമ്മുടെ അപ്പന്റെ ചെറുപ്പകാലത്തു തൊട്ടേയുള്ള ഒരു തിയേറ്റർ ആണ് ഇത് എന്നാണ് അറിവ്. ആദ്യം ഒരു ഡോക്ടർ ആണ് ഇത് നടത്തികൊണ്ടിരുന്നത്. പിന്നീടാണ് മധു ചേട്ടൻ അതിന്റെ മാനേജർ  ആയിട്ടു വരുന്നത്. കമ്പിളികണ്ടം സാഗർ കൂടാതെ മാങ്കുളത്തു ന്യൂ സാഗർ എന്ന പേരിൽ മറ്റൊരു തിയേറ്റർ കൂടി മധു ചേട്ടനുണ്ടായിരുന്നു.

 

 

      ഞായറാഴ്ചകളിലെ ദൂരദർശനിലെ സിനിമകൾ കണ്ടിരുന്ന നമുക്കു വലിയ സ്‌ക്രീനിൽ സിനിമ കാണാൻ അവസരം ഒരുക്കുകയായിരുന്നു  കമ്പിളികണ്ടം സാഗർ. ചെറുപ്പകാലത്തെ ആദ്യം കണ്ട ആകാശദൂതും ഭാഷാഭേദമന്യേ കുടുംബ സമേതം പോയി കണ്ട പ്രഭുദേവയുടെ കാതലനും അതുപോലെ കുടുകുടെ ചിരിപ്പിച്ച കാബൂളിവാലയും ഹിറ്റ്ലറുമൊക്കെ ഇപ്പോളും മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ഇപ്പോളത്തെ മൾട്ടീപ്ലക്സ്‌കളിപ്പോലെ ശീതികരിച്ച തിയേറ്റർ ഒന്നുമായിരുന്നില്ല അന്ന് ഈറ്റകൊണ്ടുണ്ടാക്കിയ പരമ്പ് കറുത്ത പെയിന്റ്ടിച്ചു മറച്ച വശങ്ങളും ഷീറ്റു മേഞ്ഞ മേൽക്കൂരയുമുള്ള ഒരു തിയേറ്റർ. സിനിമ തുടങ്ങുന്നതിനു മുന്നേ കോളാമ്പി മൈക്കിലൂടെ ഒഴുകി വരുന്ന സത്യന്റേയും നസീറിന്റെയും പഴയ ചലച്ചിത്ര ഗാനങ്ങൾ ഇന്നും മനസിലുണ്ട്. കമ്പിളികണ്ടം ചെറിയ ഒരു സിറ്റി ആണ്, ഇവിടുത്തെ സിറ്റികളെക്കുറിച്ചു മുൻപത്തെ ബ്ലോഗ്ഗുകളിൽ പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെ പണിയൊക്കെ കഴിഞ്ഞു മിക്കവാറും ഞായറാഴ്ച ആണ് പടത്തിനു പോകുന്നത്.  

    ഇപ്പോളത്തെ ഭാഷയിൽ പറഞ്ഞാൽ ഒരു സി ക്ലാസ് തിയേറ്റർ എന്ന് പോലും പറയാൻ പറ്റാത്ത ഒരു തിയേറ്റർ തന്ന ഓർമ്മകൾ ഇന്നത്തെ എ ക്ലാസ് തീയേറ്ററുകളെക്കാൾ മുന്നിൽ നിൽക്കുന്നു. മൂവാറ്റുപുഴയിലെയും കോതമംഗലത്തെയും അടിമാലിയിലെയുമൊക്കെ  തിയേറ്ററിൽ ഓടിക്കഴിഞ്ഞാണ് ഇവിടെ സിനിമ എത്തിക്കൊണ്ടിരുന്നതു. എന്നാലും പുതിയ സിനിമകൾ റിലീസായികഴിയുമ്പോൾ എന്നാണ് കമ്പിളികണ്ടം സാഗറിൽ എത്തുക എന്ന് നോക്കിയിരുന്ന ഒരു കാലമായിരുന്നു അത്. ഇപ്പോളും അവിടെ കണ്ട സിനിമകൾ ടീവിയിൽ വരുമ്പോൾ തീയേറ്ററിലെ അരണ്ട വെളിച്ചത്തിലേക്കു നമ്മുടെ ഓർമകളെ കൊണ്ടിട്ടുപോകാറുണ്ട്. ഹാളിൽ പുകവലി പാടില്ല കസേരയിൽ ചവിട്ടരുത് തുപ്പരുത് എന്നിങ്ങനെയുള്ള എല്ലാ നിയമങ്ങളെയും പൊളിച്ചെഴുതിയ ഒരു തിയേറ്റർ ആയിരുന്നു അത്. പുകവലി പാടില്ല എന്ന് എഴുതി അഭ്രപാളിയിലേക്കു വരുന്ന വെളിച്ചത്തിലൂടെ തന്നെ പുകകയറിപോകുന്ന കാഴ്ചകൾ. പുകവലി പാടില്ല എന്ന് ഉണ്ടെങ്കിലും പുകവലിച്ചു ആസ്വദിച്ചു മാത്രം സിനിമ കാണുന്ന ചേട്ടന്മാർ ഉണ്ടായിരുന്ന തിയേറ്റർ.  

     ഏറ്റവും  മുന്നിലെ നിരയിൽ 12 രൂപയായിരുന്നു ടിക്കറ്റ്, ഏറ്റവും പുറകിൽ 18 രൂപയും അതായിരുന്നു അന്നത്തെ ടിക്കറ്റ് നിരക്കു. ഏറ്റവും മുന്നിലെ രണ്ടുവരികൾ തകരക്കസേരകൾ പുറകോട്ടു തടിയുടെ കസേരകൾ, നമ്മൾ എണീക്കുമ്പോൾ തനിയെ മടങ്ങിപോകുന്നവയായിരുന്നു അവ. തീയേറ്ററിനുള്ളിലേക്ക് കയറിയാൽ പാട്ടുകളാണ്. മിക്കവാറും ദിവസങ്ങളിൽ രണ്ടുമണിക്കാണ് ഷോ ആരംഭിക്കുന്നത്. ശനിയും ഞായറും മോർണിംഗ് ഷോ ഉണ്ടാകും അത് 11 മണിക്കാണ്. ശനിയും ഞായറും ദിവസങ്ങളിൽ മാത്രമാണ്  3 ഷോ ഉണ്ടായിരുന്നത് ബാക്കി ദിവസങ്ങളിൽ രണ്ടും. പിന്നീട് ഒൻപതരയ്ക്ക് ഒണ്ടു, നമുക്കു  കുടുംബമായിട്ടു കാണാൻ പറ്റാത്ത A സർട്ടിഫിക്കറ്റ് സിനിമകൾ. 

    ഒരു നല്ല സിനിമ വന്നാൽ കുടുംബത്തോടൊപ്പം കാണാൻ പോകാൻ ഒരു ആവേശം തന്നെയായിരുന്നു. കാരണം വെള്ളിയാഴ്ചകളിലാണ് സിനിമ മാറുന്നത്. സ്കൂൾ വിട്ടു വരും വഴിക്കുള്ള ഷാപ്പിന്റെ ചുമരിലാണ് സിനിമയുടെ പോസ്റ്റർ ഉണ്ടാകുക. ഒരു ഭിത്തി നിറയെ നിറഞ്ഞു നിൽക്കുന്ന വലിയ പോസ്റ്റർ.  പാറത്തോട്ടിലെ സിനിമയുടെ പോസ്റ്റർ പതിക്കുന്ന സ്ഥലമായിരുന്നു ഷാപ്പുംപടിയിലെ ഷാപ്പിന്റെ ചുമര്. സിനിമ മാറിയിട്ടുണ്ടോ എന്ന് നോക്കുന്നത് ഇവിടെ നിന്നാണ്. കപ്യാർ സിറ്റി വരെ രണ്ടു രണ്ടര കിലോമീറ്റര്  നടന്നെത്തി അവിടെ നിന്ന് ബസ് കേറിയാണ് ആദ്യം സിനിമയ്ക്കു പൊയ്ക്കൊണ്ടിരുന്നത്. പിന്നെ അയൽവക്കത്തുള്ള  രണ്ടോ മൂന്നോ വീട്ടുകാർ കൂടി ജീപ്പ് വിളിച്ചായി സിനിമ കാണാൻ പോക്ക്. ഇതെല്ലം ഇന്നലെ നടന്നതുപോലെ മനസിലുണ്ട്.  

     വർഷങ്ങൾ പോയി തനിയെ സിനിമ കാണാനുള്ള പ്രായമൊക്കെ ആയപ്പോൾ  കൂട്ടുകാർക്കൊപ്പം സിനിമ കാണാൻ തുടങ്ങി. ഒന്നരയുടെ PNS ബസിൽ കയറി ഒന്നേമുക്കാലോടെ തീയേറ്ററിലെത്തിയാൽ ആദ്യം അഞ്ചുരൂപയുടെ  രണ്ടു പാക്കറ്റ് നിലക്കടല വാങ്ങിച്ചു ഉള്ളിൽ കയറി പതുക്കെ കൊറിച്ചു തുടങ്ങുമ്പോൾ-തിരശീലയിലേക്ക്  വെള്ളിവെളിച്ചം വീഴുമ്പോൾ ഉള്ള ആർപ്പു വിളികളും കരഘോഷങ്ങളും ഇന്നും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു. 

        തിയേറ്ററിൽ നിറഞ്ഞോടിയ  ഹിറ്റായ-കളക്ഷൻ നേടി വിജയിച്ച നല്ല  സിനിമകളൊക്കെ നമ്മുടെ നാട്ടിലേക്കെത്തുക ക്രിസ്മസ്, ഓണം, വിഷു എന്നിങ്ങനെയുള്ള സമയത്താണ്. വിഷുവിനു അല്ലെങ്കിൽ ക്രിസ്തുമസിനു എന്തായാലും ഒരു സിനിമ കാണണമെന്ന് തീരുമാനിച്ച കുട്ടിക്കാലം, ഏതാണ് സിനിമ വരുന്നതെന്ന് നോക്കിയിരുന്ന ആ ഓണക്കാലവും വിഷുക്കാലവുമൊക്കെ  മനസിനുള്ളിലുണ്ട്.  സിനിമ കാണാനുള്ള പൈസ നേരത്തെ സ്വരുക്കൂട്ടി വെച്ചിരിക്കും.  


  2003 ൽ മനസ്സിനക്കരെ ആയിരുന്നു     തിയേറ്ററിലേ അവസാനത്തെ സിനിമ എന്നാണെന്റെ ഓര്മ . ഇപ്പോ അവിടെ തടി വർക് ഷോപ്  ആണ്. ഇപ്പോളും അതുവഴി ബസിൽ പോകുമ്പോൾ മനസ്സിലേക്ക്  വരുന്ന ഓർമ്മചിത്രങ്ങളാണ് സാഗർ എന്നെഴുതിയ വലിയ ബോർഡും അതിനു മുന്നിലെ സിനിമ  പോസ്റ്ററുകളും കോളാമ്പി പാട്ടുകളും. 

 

ആശയങ്ങളും ഓർമകളും Bibin Chacko

എഴുതിയത് Abin Joshy