ഇന്നെനിക്ക് മഴ കാണണം. കോരിച്ചൊരിയുന്ന മഴ. പതിവിനു വിപരീതമായി കാലത്ത് തന്നെ വെയിലാണ്, ചില്ലുജാലകത്തിലൂടെ കണ്ണിലേക്ക് വരുന്ന തീഷ്ണ രശ്മികൾ. അനുവാദം കൂടാതെ ഉള്ളിലേക്കെത്തി നോക്കുന്ന വെയിലിനെ തടയിടാൻ മാനത്ത് കാർമേഘങ്ങൾ വേണം. അവ പതിയെ വിതുമ്പി തുടങ്ങണം. പിന്നെ ആർത്തിരമ്പണം. താഴോട്ട് പോരുമ്പോൾ കാറ്റത്ത് ആടിത്തുള്ളണതു കാണണം. കുറച്ച് മുത്തുമണികളെ കാറ്റെടുത്ത് ചില്ലുജാലകത്തോട് ചേർത്ത് വെക്കണം. മനസ്സില്ലാ മനസ്സോടെ അത് താഴേക്ക് ഊർന്നിറങ്ങുന്നത് കാണണം. ഇടക്കെപ്പോഴോ വശങ്ങളിലെ മരങ്ങളെ ആടിയുലയിക്കുന്നത്ര ശക്തിയിൽ കാറ്റു വീശണം. മുറിക്കുള്ളിൽ ജാലകത്തിനെ ഉമ്മ വെക്കുന്ന മഴത്തുള്ളികൾക്കൊപ്പം കാറ്റിന്റെ ശിൽക്കാര ശബ്ദം കേട്ടിരിക്കണം.