ഈസ്റ്റർ ആണ് അടുത്ത ആഴ്ച, നോമ്പു വീടലിനു വേണ്ട ഉരുവിനെ കൊണ്ട് നിർത്തിയിട്ടുണ്ട്. പത്തു നൂറു കിലോ വരുന്ന ഒരു ഉഗ്രനൊരു പോത്തിൻകുട്ടി. നോയമ്പ് വീടലിനു എല്ലും കപ്പേമിട്ടു ഏഷ്യാഡ് വെക്കാനും, ഇച്ചിരെ കറി വെച്ച് കള്ളപ്പം ചാറു കൂട്ടി കഴിക്കാനും കഴിഞ്ഞു മിച്ചമുള്ളതു ഉണങ്ങി വെക്കാനുമുള്ളത്രേം ഇറച്ചി ഉണ്ടാവും. വരട്ടി എടുക്കാൻ കരളും പതപ്പേം വേറേം. ഇതൊക്കെയാണേലും കുരുമുളകിട്ടു മിനുക്കിയെടുത്ത പോട്ടീടെ കാര്യം മറക്കല്ലേ. വെട്ടാനുള്ള പോത്തിനെ ഒരു പോത്തിനെ ഒരു പത്തു പതിനഞ്ചു ദിവസമെങ്കിലും മുന്നേ കൊണ്ട് നിർത്തും.
അപ്പോ വിശദമായി നമ്മുടെ പങ്കിനെ പറ്റി പറയാം. കുറഞ്ഞതു ഒരു അഞ്ചാറു പേരെങ്കിലും വെണം ഒരു പങ്കിടിൽ തുടങ്ങാൻ. നല്ല ഒരു ഒരു പോത്തിനെ കണ്ടെത്തിക്കഴിഞ്ഞു അതിന്റെ ഉടമസ്ഥനുമായി വില നിശ്ചയിക്കുകുന്നതാണ് ആദ്യ പരുപാടി. വില ഉറപ്പിച്ച പോത്തിന്റെ വില എത്രയുണ്ടോ അതെല്ലാം പങ്കുകാർ കൂടി തുല്യമായി പിരിച്ചെടുത്തു പോത്തിനെ വാങ്ങിക്കലാണ് അടുത്ത പണി.

ഈസ്റ്ററിനോ, ക്രിസ്തുമസിനോ , പള്ളിപെരുന്നാളിന്റെ സമയത്തൊക്കെയാണ് പ്രധാനമായും പങ്കിടീൽ നടക്കുക, അതിനു കാരണമുണ്ട്; ഈ വിശേഷ ദിവസങ്ങളിലൊക്കെ ബന്ധുക്കളും സുഹൃത്തുക്കളൊക്കെയും വീട്ടിൽ വരാറുണ്ട്. ഇവർക്കൊക്കെ വേണ്ടി ഒന്നോ രണ്ടോ കിലോ ഇറച്ചിച്ചയും എല്ലും പോട്ടിയുമൊക്കെ കശാപ്പുശാലയിൽ നിന്ന് വാങ്ങിക്കുന്നത് ഒരു നഷ്ടക്കച്ചവടമാണ്. പങ്കിടീൽ ആണേൽ കുശാലാണ്, ആവശ്യത്തിന് ഇറച്ചിയും എല്ലും പോട്ടിമൊക്കെ കിട്ടും.
അങ്ങനെ വിലപറഞ്ഞുറപ്പിച്ച പോത്തിനെ പത്തോ പതിനഞ്ചോ ദിവസം മുന്നേ വാങ്ങി ആരുടേലും ഒരു വീട്ടിൽ നിർത്തും. പിന്നെ ആ പോത്തു ജീവിതത്തിൽ ഇതുവരെ തിന്നിട്ടില്ലാത്തത്തറ സുഭിക്ഷ ഭക്ഷണമാണ് അതിനു കൊടുക്കുക, ഒന്നുകൂടെ തടിച്ചുകൊഴുപ്പിക്കുക എന്നത് നമ്മുടെ ആവശ്യമാണല്ലോ. അങ്ങനെ ആ വിശേഷ ദിവസത്തിന്റെ തലേന്നാണ് സാധാരണ അത് നടക്കുക; ''കശാപ്പ് '' കശാപ്പു ചെയ്ത പോത്തിന്റെ ഇറച്ചിയും, എല്ലും, പോട്ടിയും തുല്യമായി വീതിച്ചു എല്ലാ പങ്കുകാർക്കും കൊടുക്കും.
നേരെ മറിച്ചു മറ്റൊരു പങ്കിടേൽ രീതി കൂടി മലയോരമേഖലയിലുണ്ട്. പങ്കിടാനുള്ള ഉരുവിനെ ഒരാൾ ഒറ്റയ്ക്ക് വാങ്ങിക്കും. എന്നിട്ട് എത്ര ആളുകൾ പങ്കിനുണ്ട് എന്ന് ചോദിക്കും. ആളുകൾ എത്രയുണ്ടോ അനുസരിച്ചു ആളൊന്നിന് ഒരു പങ്കിന് ഒരു നിശ്ചിത തുക പറയും. മേടിച്ച ആളിന് ഈ തുകയിൽ ഒരു ചെറിയ ലാഭം കിട്ടും, മൂവായിരമോ നാലായിരമൊക്കെ. കാരണം അങ്ങേരു സ്വന്തം വാങ്ങി വെട്ടുവാണ് ചെയ്യുന്നത്, എന്നിട്ടു പങ്കു കൊടുക്കും അല്ലാതെ തൂക്കി കിലോ കിലോ കണക്കിന് കൊടുക്കില്ല. ഏകദേശം എത്ര ആളുകളുണ്ടോ അത്രയും ഭാഗങ്ങളാക്കി മാറ്റി എത്ര കിലോ ഉണ്ടോ അത് പങ്കുകളാക്കും . ഈ ഒരു പങ്കിടീൽ പരുപാടിയിൽ, പോട്ടിയൊക്കെ ലേലം വിളിക്കുകയാണ് പതിവ്. പോട്ടി ലേലം വിളിക്കുമ്പോ ജനകീയ ലേലം പോലെയാണ്, നമ്മളെത്ര കൂട്ടി വിളിക്കുന്നോ പൈസ കൂട്ടി വെച്ചോണ്ടിരിക്കുക, പൈസ കൂട്ടി വിളിക്കുന്ന ആൾക്ക് സാധനം കൊടുക്കും.
അതുപോലെ പോത്തിന്റെ തല; ''തലച്ചോറ്'' നല്ലൊരു സംഭവമാണ്, അത് വാങ്ങിക്കുന്ന ആളുകളുണ്ട്. നമ്മുടെ പാലക്കാടും തലശ്ശേരിയിലും ആടിന്റെ തലച്ചോറ് തട്ടുകടയിൽക്കൂടി ഒക്കെ കൊടുക്കുന്നപോലെ തന്നെ നമ്മുടെ ഹൈറേഞ്ചിൽ പോത്തിന്റെ തല ആളുകൾ വാങ്ങിച്ചു വീട്ടിൽ കൊണ്ടുപോയിട്ട് അത് വെട്ടി തലച്ചോറെടുത്തു റോസ്ട് മാതിരി ഉണ്ടാകും, മുട്ട പൊരിച്ചപോലെ ഒരു ഐറ്റം. പണ്ടുമുതൽക്കേ ഉള്ളതാണ്.
പിന്നെ കാല്, പോത്തിന്റെ കാല് വെന്തു കുടിക്കുന്നത്; വാതമൊക്കെയായിട്ടിരിക്കണ പ്രായമായ കാർന്നോന്മാർ കാലിനു വേദന മുട്ടിനു വേദന വരാതിരിക്കാൻ വേണ്ടി ഈ കാലു വെന്ത വെള്ളം കുടിക്കും. മസാല ഒന്നുമിടാതെ കാലു നല്ലോണം വേവിക്കും എന്നിട്ട് ആ വെള്ളമൂറ്റിയാണ് കുടിക്കുന്നത്. അത്യാവശ്യം നല്ല പ്രായമുള്ള കാർന്നോന്മാർക്കാണ് ഇത് കൊടുക്കാറ്.
മൂന്നോ നാലോ മക്കളും അപ്പനും അമ്മയും ഉള്ള ഒരു കുടുംബം രണ്ടു ദിവസം കഴിച്ചാൽ തീരാത്തത്ര ഇറച്ചിയും എല്ലുമൊക്കെയാണ് ഒരാൾക്കു കിട്ടുക. നമ്മുക്കു കറിക്കും കപ്പക്കുമൊക്കെ വേണ്ട ഇറച്ചി എടുത്തു കഴിഞ്ഞു മിച്ചമുള്ള ഇറച്ചി ജൂലിയൻ കട്ട് (നമ്മുടെ അമേരിക്കൻ സ്റ്റൈലില് ജൂലിയൻ കട്ട് എന്ന് പറയുമ്പോ പെട്ടെന്ന് മനസിലാകും) അതായതു നീട്ടത്തിൽ അരിഞ്ഞെടുക്കും. അപ്പോ അമ്മമാർ മിച്ചമുള്ള ഇറച്ചി എടുത്തു ഉപ്പൊക്കെ പൊരട്ടി മുളേടെ കുട്ടയിൽ വെള്ളം വാർന്നു പോകാൻ വെക്കും, എന്നിട്ടു ഇത് ഈറ്റയില് കോർത്ത് ചേരിനു കീഴിൽ കെട്ടിത്തൂക്കിയോ വെയിലത്തോ വെച്ചോ ഉണങ്ങിയെടുക്കുന്ന ഒരു പരുപാടി ഉണ്ട്. പങ്കുകൂടുമ്പോളാണ് ഇങ്ങനെ ഇറച്ചി ഉണങ്ങുന്ന ഒരു ചടങ്ങു നമ്മുടെ ഹൈറേഞ്ചിലുള്ളതു, കാരണം ഇഷ്ടം പോലെ ഇറച്ചി കിട്ടും. ഉണങ്ങി വെച്ചേക്കുന്ന ഇറച്ചി കല്ലേൽ വെച്ച് മുളകൊക്കെ കൂട്ടി ഇടിച്ചു എടുക്കും എന്നിട്ട് നല്ല വെളിച്ചെണ്ണെൽ ചെറിയ ഉള്ളിയൊക്കെ ഇട്ടു മൂപ്പിച്ചെടുക്കും, അതാണ് നമ്മുടെ ഹൈറേഞ്ചിൽ സാധാരണയായി ഉപയോഗിക്കുന്ന ഇടിയിറച്ചി.
പങ്കു കൂടുമ്പോൾ ഒരാളാണ് വാങ്ങി പങ്കു വെക്കുന്നതെങ്കിൽ എട്ടു ദിവസത്തിനുള്ളിൽ നമുക്കു കാശ് കൊടുത്താ മതി, അതൊരു ഇവിടുത്തെ നാട്ടു നടപ്പാരുന്നു. അങ്ങനെ ഇറച്ചി മേടിച്ചിട്ടു പൈസ കൊടുക്കാത്ത ആള്കാരുമുണ്ട്, ചിലര് വയറുവേദന ആണെന്ന് പറയും, ചിലര് മുങ്ങി നടക്കും,അങ്ങനത്തെ ആളുകൾ അക്കാലത്തുമുണ്ട്.
ഇങ്ങനെ വെട്ടിയ പോത്തിന്റെ തൊലി എടുക്കാൻ അല്ലേൽ അത് കൊടുക്കാൻ ഒരു പ്രത്യേക ആളുണ്ടാകും. കിലോക്ക് ഒരു വിലയൊക്കെ വച്ചു അങ്ങേർക്കു തൂക്കി കൊടുക്കും.
പങ്കു കൂടി കഴിഞ്ഞാൽ വരട്ടിയും പൊരിച്ചുമൊക്കെയായി പോത്തിന്റെ വിഭവങ്ങളായിരിക്കും വീട്ടിൽ. പല വിഭവങ്ങളുണ്ടാകും. എല്ലും കപ്പേമിട്ട് ഏഷ്യാഡ് (കപ്പബിരിയാണി ) ഒണ്ടാക്കും , ചക്കക്കാലമാണേൽ ചക്കേം പോത്തും ഒഴിവാക്കാനാവില്ല. പങ്കു മേടിക്കണ ഇറച്ചിയിൽ നിന്ന് കൊറേ നെയ്യൊക്കെ ഉരുക്കി ഭരണിയിൽ ഒഴിച്ച് വെക്കും എന്നിട്ട് ഇങ്ങനെ ചക്ക ബിരിയാണി ഒക്കെ വെക്കുമ്പോ അതിലൊക്കെ ചേർത്ത് എളക്കി എടുക്കും. ഇങ്ങനെ ഉണ്ടാക്കിയ കപ്പബിരിയാണിയും ചക്കബിരിയാണിയും ചൂടോടെ തെക്കിലേലോ വാഴയിലയിലോ കഴിക്കുന്നതാരുന്നു അന്നത്തെ പതിവ്. അന്ന് ഹൈറേഞ്ചിലൊക്കെ നല്ല തണുപ്പുള്ള കാലമാണ്, നെയ്യൊക്കെ പാത്രത്തിൽ പട്ടിപിടിച്ചിരിക്കും. നെയ്യ് പിടിച്ച പാത്രം കഴുകൽ ഒഴിവാക്കാൻ വേണ്ടി തന്നെ ഇങ്ങനെ വാഴയിലയിലും തേക്കിലയിലും കഴിക്കാറുണ്ടായിരുന്നു.
പോത്തിന്റെ പോട്ടി നല്ല വൃത്തിയായി ചൂടുവെള്ളമൊക്കെ ഒഴിച്ചു കഴുകി എടുക്കും. പോത്തിന്റെ പോത്തിരച്ചി നമ്മടെ ശരീരത്തിന് ചൂട് തരുന്ന ഒരു ഭക്ഷണമാണ്. നല്ല കുരുമുളക് ഇട്ട് വരട്ടിയ പോട്ടി വലിവുള്ള ആള്ക്കാര് കഴിക്കുമ്പോ അവർക്കൊരു ആശ്വാസം കിട്ടാറുണ്ടാരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വലിവുള്ള കാർന്നോര്മ്മാര് ഇങ്ങനെ പോട്ടി കഴിക്കും. വരട്ടി വെച്ചേക്കണ പോട്ടി മൂന്നാലു ദിവസമിരുന്നോളും, ഇത് ആവശ്യത്തിന് എടുത്തു ചൂടാക്കി ചൂടാക്കി കഴിക്കും. തീരാറാകുമ്പോളേക്കും ഇതിന്റെ രുചി അപാരമാകും.
പങ്കു മേടിക്കുന്ന മിക്ക വീടുകളിലും സ്ഥിരമൊരു ആഹാരമായിരുന്നു പിടി, നമ്മൾ സ്ഥിരം കേൾക്കുന്ന പിടി-കോഴി കോമ്പിനേഷൻ അല്ല ഹൈറേഞ്ചിൽ; പിടീം പോത്തുമാണ്. ഇതൊരു അപാര സംഭവമാണ്. പോത്തിറച്ചി ചാറും കൂട്ടി പിടി. പെരുന്നാൾ സമയത്തു മിക്ക വീടുകളിലും പിടിം പോത്തും ഉണ്ടാകാറുണ്ട്.
ഇടുക്കിക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു സൗഹൃദത്തിന്റെ കൂട്ടായ്മ കൂടിയാണ്. പാടത്തും പറമ്പിലും പണിയെടുത്ത് വരുമ്പോൾ വയറു നിറയെ ഭക്ഷണം അതും ഇഷ്ടപ്പെട്ട ഭക്ഷണം ആവശ്യത്തിന് . ഇടുക്കിയിലെ സാധാരണക്കാരുടെ പങ്കിടീൽ ഇന്നും തുടരുന്നു.