തൊണ്ണൂറു കാലഘട്ടങ്ങളിലെ മലയോര മേഖലകളിലെ കല്യാണങ്ങളെപ്പറ്റി ചില ഓർമകൾ തികട്ടി വരുന്നു. കല്യാണ വീടുകൾ അന്നായാലും ഇന്നായാലും നമുക്ക് ആഘോഷ ഫീൽ തരുന്ന ഒരിടമാണ്. ഹൈറേഞ്ചിനെ സംബന്ധിച്ചു ഇവിടെ നടക്കാൻ പോകുന്ന കല്യാണത്തെപ്പറ്റി മിക്കവാറും നമ്മൾ ആദ്യം അറിയുന്നത് അമ്മമാര് വഴി ആയിരിക്കും . അവര് വീട്ടിൽ വന്നു പറയും ആ വീട്ടിലെ പെണ്ണിന്റെ കല്യാണം ഉറപ്പിച്ചു. അപ്പുറത്തെ വീട്ടിലെ ചെക്കന് പെണ്ണ് കണ്ടു എല്ലാം ശരിയായി എന്നൊക്കെ. ആ കാലഘട്ടത്തിൽ മിക്കപ്പോളും ഹൈറേഞ്ചിന്റെ തന്നെ മറ്റേതേലും ഭാഗത്തു നിന്നായിരിക്കും പെണ്ണ് അല്ലേൽ ചെക്കൻ. ഇരുപതു മുപ്പതു കിലോമീറ്റര് ചുറ്റുവട്ടത്തിലുള്ളവരായിരിക്കും. അപ്പോ പറഞ്ഞു വന്നത് നമ്മുടെ വീടിനടുത്തു ഒരു കല്യാണം നടക്കുമ്പോ അടുത്ത വീട്ടുകാർക്കൊക്കെ വലിയ പങ്കാളിത്തം ഉണ്ടാകും, അതിപ്പോ അഞ്ചു വയസുള്ള കുട്ടിയായാലും എഴുപത്തഞ്ചു വയസുള്ള അപ്പൂപ്പനായാലും .
അന്നത്തെ കാലത്തു കല്യാണം വിളിക്കുന്നത് തന്നെ തലേന്ന് തന്നെ അങ്ങ് എത്തിയേക്കണം എന്ന് പറഞ്ഞിട്ടാണ് അതങ്ങനെ വെറുതെ ഒന്നും പറയുന്നതല്ല. തലേന്നെ മുതലേ ഇഷ്ടം പോലെ പണിയുണ്ട്. കല്യാണത്തിന്റെ ആഘോഷ പരിപാടികൾ തലേന്നേ തുടങ്ങും. അന്നും ഇന്നും തലേന്നത്തെ ഹൈറേഞ്ചിലെ മെയിൻ ഭക്ഷണം കപ്പബിരിയാണിയാണ്. കപ്പ ബിരിയാണി കഴിക്കാൻ വേണ്ടി തന്നെ എല്ലാരും വരും, അല്ല എല്ലാവരും വരണം അതങ്ങനെയാണ്, അത് തന്നെ ഒരു ആഘോഷമാണ്. പരസ്പരം എല്ലാര്ക്കും സന്തോഷമാണ്. കപ്പ ബിരിയാണി ശരിക്കും ഇവിടെ അറിയപ്പെടുന്നത് ഏഷ്യാഡ് എന്നാട്ടോ .
കപ്പബിരിയാണി ഉണ്ടാക്കാൻ വേണ്ടി കല്യാണം ഉറപ്പിച്ചു കഴിഞ്ഞാൽ ഒരുക്കങ്ങളുടെ കൂടെ കപ്പ ബിരിയാണിക്ക് വേണ്ട പോത്തിറച്ചിയും എല്ലും ഒക്കെ റെഡി ആക്കണം. ഇപ്പോളത്തെപ്പോലെ പോലെ ഇറച്ചിയും എല്ലുമൊക്കെ കശാപ്പു കടേന്നു അല്ല മേടിക്കുന്നെ, കല്യാണത്തിനു ഒരു പത്തു പതിനഞ്ചു ദിവസം മുൻപേ അതിനു പാകമായ ഒരു പോത്തിനെ വാങ്ങി നിർത്തുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. കല്യാണത്തിന് വേണ്ട ഇറച്ചിയും ഏഷ്യാഡിനു വേണ്ടിയുള്ള എല്ലുമൊക്കെ ഈ പോത്തിനെ കശാപ്പു ചെയ്താണ് ശരിയാക്കുന്നത്. അതിനു വേണ്ടിയിട്ടും ഒരു കശാപ്പുകാരനെ നേരത്തെ തന്നെ ഏല്പിച്ചിട്ടുണ്ടാകും. അവിടങ്ങളിലെ മിക്കകല്യാണങ്ങൾക്കും പുള്ളി തന്നെയാകും കശാപ്പുകാരൻ. പുള്ളി തലേന്നേ വന്നു പോത്തിനെ ഒക്കെ വെട്ടി, തൊലിയൊക്കെ പൊളിച്ചു, ഇറച്ചിയും എല്ലൊക്കെ വേർതിരിക്കും.
ഹൈറേഞ്ചിലെ കല്യാണങ്ങൾക്കു ഇന്നത്തെപോലെ ഗ്യാസ് അടുപ്പും വലിയ ഗ്രൈൻഡറൊന്നുമില്ല. അടുത്ത വീട്ടിലെ ചേച്ചിമാരുടേം ചേട്ടന്മാരുടേം ഒരു സംഘമാണ് ഈ പണികളൊക്കെ എടുക്കണതു. നാലോ അഞ്ചോ പെണ്ണുങ്ങളുടെ ഒരു കൂട്ടം തേങ്ങാ ചിരണ്ടാൻ, ഒരു കല്യാണത്തിന് വേണ്ട തേങ്ങാ മുഴുവനും ചിരണ്ടേണ്ട ഉത്തരവാദിത്വം ഇവർക്കാണ്, തോരൻ കറി മുതൽ പാല് പിഴിയണ കറികൾക്ക് വേണ്ട തേങ്ങാ മുഴുവൻ ഇവർ തന്നെ ചിരണ്ടും. ചിരകിയ തേങ്ങാ അരക്കാൻ ഒരു കൂട്ടം ചേച്ചിമാർ, മാറി മാറി അരകല്ലേൽ വെച്ച് വെണ്ണപോലെ അരച്ചെടുക്കും.
അതുപോലെ കപ്പ ബിരിയാണിയൊക്കെ തിന്നു കഴിഞ്ഞു പന്തലൊരുക്കൽ പണികൾ തുടങ്ങാൻ ആ പ്രദേശത്തെ കലാകാരന്മാരുടെ ഒരു കൂട്ടമുണ്ടാകും. കല്യാണ വീട്ടിലെ ഒരു പ്രധാന പണി ആണ് കല്യാണത്തിന് പന്തലിടുന്നത്. മഴ പെയ്യുമെന്നു
തോന്നിയാൽ രണ്ടോ മൂന്നു ദിവസം മുന്നേ തന്നെ പന്തലിടൽ തുടങ്ങും,
പടുതയൊക്കെ വലിച്ചു കെട്ടും. അങ്ങനെ ഇട്ട പന്തലിനു മാറ്റുകൂട്ടുന്ന പണികളാണ് കപ്പബിരിയാണിക്കു ശേഷം നടക്കുന്നത്. പടുതാക്കു താഴെ വെള്ളത്തുണിയിൽ പഴയ പലകളറിലുള്ള സാരിയും വരണക്കടലാസ്മൊക്കെ വെച്ച് അവരുടെ കലാവൈഭവം/കലാവിരുതു തെളിയിക്കും, വർണക്കടലാസു കൊണ്ടു പൂക്കൾ വെട്ടിയുണ്ടാക്കും, പേപ്പർ മടക്കി പെന്സില് കൊണ്ടു വരച്ചു വെട്ടിയെടുക്കും പിന്നെ മൊട്ടുസൂചിയിൽ പിൻ ചെയ്യും. പഴയ കൊട്ടാരങ്ങളിലെ വിളക്കു കാലുകൾ പോലെ ആണ് ചിലതു, അങ്ങനെ വലുതും അതിനടുത്തു ചെറുതുമായി കുറെ പൂക്കൾ വെട്ടിയുണ്ടാകും. വശങ്ങളിലായി ഞൊറിയിട്ട സാരികൾ, ആകെമൊത്തം ഒരു ശേലാണ്. ഇന്നത്തെപോലെ തുണി വെച്ചല്ല പന്തലിന്റെ താഴെ വശങ്ങൾ മറക്കുന്നത്, അതിനു വേണ്ടി കൊണ്ട് വന്നിട്ടുള്ള പനയോല ഉണ്ടാകും. മുള കുത്തി അതിൽ ഈ പനയോലകളൊക്കെ വെച്ച് കെട്ടി കമാനം വരെ എത്തിക്കും. പൊങ്ങി നിക്കുന്ന പനയോലകളൊക്കെ വെട്ടി ഒരേ നിലയിലാക്കി സുന്ദരമാക്കും.
പ്രധാന കവാടം; ഒരു കമാനം, തെങ്ങിന്റെയോ പനയുടെയോ ഓല കൊണ്ടാണ് ഉണ്ടാകുന്നത്. കമാനത്തോടു ചേർന്ന് കുടപ്പനൊക്കെയായിട്ടു (വാഴച്ചുണ്ട്) കുലച്ച വാഴ ഇരുവശത്തും ഉണ്ടായിരിക്കും. കല്യാണത്തിന് വിളിച്ച ഏതേലും അയൽവക്കത്തെ പറമ്പിൽ നിന്നാരിക്കും കുലച്ച വാഴയൊക്കെ മൂടോടെ പിഴുതുകൊണ്ട് വരുന്നത്. കല്യാണമൊക്കെ കഴിഞ്ഞു അവർക്കു പിള്ളേരുമുണ്ടായി വർഷങ്ങൾ പിന്നിട്ടിട്ടും അയൽ വക്കത്തുണ്ടാകുന്ന ചെറിയ വാക്ക് തർക്കത്തിൽ
''അന്ന് അവന്റെ കല്യാണത്തിന് എന്റെ പറമ്പിൽ നിന്ന കുലച്ച വാഴയാ കൊണ്ടോയെ''
എന്ന് ഓർത്തിരുന്നു പറയുന്ന ആളുകളുമുണ്ട്. ആറ്റു നോറ്റിരുന്നു കുലച്ച വാഴയായിരിക്കണം.
സ്റ്റേജ് പരിപാടികൾ ഉറക്കമിളച്ചു പയ്യന്മാർ. സ്റ്റേജ് എന്ന് പറഞ്ഞാൽ കല്യാണ ചെക്കനും പെണ്ണിനും ഉള്ള ഇരിപ്പിടം പന്തിയിൽ നിന്നും അല്പം ഉയർന്ന ഒരിടത്താവും, മറ്റുള്ളവർക്കെല്ലാം അവരെ കാണാവുന്ന വിധത്തിൽ. അങ്ങനെ ഒരുപാടു മേഖലകൾ, ചീട്ടുകളിക്കുന്നവർ, കറിക്കരിയുന്നവർ, സ്റ്റേജ് ഡെക്കറേറ്റ് ചെയ്യുന്നവർ, കലവറക്കാര്, കല്യാണ വീടാകുമ്പോ ബന്ധു വീടുകളിൽ നിന്നു വന്ന പെൺകുട്ടികളോട് മിണ്ടാനും പരിചയപ്പെടാനും മുട്ടി നടക്കുന്ന യുവാക്കൾ, അങ്ങനെ അങ്ങനെ...
നമ്മുടെ ഹൈറേഞ്ചിൽ കല്യാണത്തിന് ഭക്ഷണം ഉണ്ടാക്കാൻ കാറ്ററിംഗ് കൊടുക്കുന്ന ഏർപ്പാട് നന്നേ കുറവായിരുന്നു. ഒരു കോക്കിയെ വിളിക്കും പുള്ളിയും ശിങ്കിടികളുമാണ് ഭക്ഷണ പാചകവും മറ്റും. കുക്ക് എന്ന ഇംഗ്ലീഷ് പദം പരിണമിച്ചാണോ കോക്കി ആയതിനു തെളിവൊന്നുമില്ല എന്തായാലും ഹൈറേഞ്ചിൽ പുള്ളി ''കോക്കി'' ആണ്. തലേലൊരു വെള്ളതോർത്തൊക്കെ കെട്ടിയായിരിക്കും ആശാൻ കല്യാണവീടുകളിലുണ്ടാവുക. മിക്ക കോക്കിമാർക്കും ഏകദേശം ഒരേ ശൈലിയും സ്റ്റൈലുമൊക്കെയാകും, അവർക്കു രണ്ടോ മൂന്നോ ശിങ്കിടികളും ഉണ്ടാകും. പിറ്റേ ദിവസത്തെ ഭക്ഷണം രാത്രി ഇച്ചിരെ വൈകിയേ ഉണ്ടാക്കാൻ തുടങ്ങു. നേരത്തെ ഉണ്ടാക്കി കേടായി പോകാതിരിക്കാന് അത്. കാരണം ഉച്ചക്ക് കല്യാണം കഴിഞ്ഞു വീട്ടിൽ വരുന്ന അഥിതികൾക്കാണ് ഊണ് കൊടുക്കുന്നതു, ഏകദേശം പന്ത്രണ്ടര ഒക്കെ കഴിയും കെട്ടൊക്കെ കഴിഞ്ഞു വീട്ടിലെത്തുമ്പോളേക്കും. അതോടെ നല്ല വിശപ്പുമുണ്ടാകും. രാത്രിയിലെ ചീട്ടുകളിയുടെ പ്രഥാന ഉദ്ദേശം ഭക്ഷണമുണ്ടാകുന്ന സമയമാകുമ്പോളേക്കും ആരും ഉറങ്ങിപ്പോവാതിരിക്കലാണ്.
അന്നൊന്നും ഹൈറേഞ്ചിലെ മിക്ക വീടുകളിലും കറണ്ട് എത്തിയിട്ടൊന്നുമില്ല. പെട്രോൾ മാക്സ് ആണ് പ്രധാന വെളിച്ചത്തിന്റെ ഉറവിടം. പാചകപുരയിൽ ഒന്ന്, അലങ്കാരപ്പണികൾ നടക്കുന്നിടത്തു ഒന്ന് അങ്ങനെ വേണ്ടിടത്തെല്ലാം പെട്രോൾ മാക്സ് ലൈറ്റുകൾ ഉണ്ടാകും. പെട്രോൾ മാക്സ് ലൈറ്റ് തെളിയിക്കാനും അതിന്റെ മാന്റിൽ മാറ്റാനും അന്നാട്ടിലെ പരിചയസമ്പന്നർ തന്നെ വേണമാരുന്നു.
വാടകക്കെടുക്കുന്ന ഇരുമ്പു കസേരകളാണ് അന്ന് എല്ലായിടത്തും തന്നെ ഇരുമ്പിൻറെ മടക്കു കസേരകൾ. കൂട്ടത്തിൽ എത്ര ബലം പിടിച്ചാലും നിവരാത്ത ചില കസേരകളുണ്ടാകും. ഇങ്ങനെ മടങ്ങാത്തവയൊക്കെ ഒരു വശത്തേക്കു മാറ്റി അടുക്കി വെക്കും. ചെറുക്കന്റെ അമ്മാവന്റെ നേതൃത്വ പാടവം അവിടെ കാണാം. ഈ മേശയും കസേരയും പന്തിയിൽ വൃത്തിയായി നിരത്തി ഇടുന്നതു പുള്ളിയുടെ പങ്കു വലുതാണ്. ഇതിൽ നിന്ന് ഏകദേശം ഒരു കണക്കൊക്കെ കിട്ടും ഒരു പന്തിയിൽ എത്ര ആളുകൾക്കിരിക്കാൻ പറ്റുമെന്നൊക്കെ.
വാഴയിലയിലാണ് അന്ന് സദ്യ, വാഴ ഇല വെട്ടൽ ഒരു മേളമാണ്. കല്യാണത്തിന് വിളിയുള്ള യൂത്തൻമാരും പിള്ളേരുമൊക്കെയാരിക്കും ഈ പണി എടുക്കുന്നത്. പറമ്പായ പറമ്പൊക്കെ കയറി ഇറങ്ങി വെട്ടും, അറ്റം പൊട്ടാത്ത തൂശനില കൂമ്പുവരെ വെട്ടും. ഇലവെട്ടൊക്കെ കഴിയുമ്പോളേക്കും പൊക്കമുള്ള വാഴയുടെ കൈയൊക്കെ ഒടിഞ്ഞു വിഗലാൻഗ വാഴയാകും. കല്യാണം വിളിക്കാത്തവന്റെ പറമ്പിൽ കേറിയാൽ പുള്ളി ചെലപ്പോ ചോദിക്കാൻ സാധ്യതയുണ്ട്.
''ഇല കുറച്ചേ വെട്ടാവൂ, വാഴ മുഴുവൻ പോയി നിക്കുവാ, കൂമ്പില വെട്ടരുത് കേട്ടോ.''
ഇങ്ങനെ ഒരു പറ്റം നിർദേശവും ഉണ്ടാകും. ഒരു കർഷക ശ്രീ അവാർഡ് ജേതാവിനെപോലെ നിന്ന് വാഴയുടെ മഹത്വത്തെപ്പറ്റി പറഞ്ഞെന്നും വരാം. അപ്പോ തന്നെ നമ്മൾ മനസിലാക്കുക അയാളെ കല്യാണം വിളിച്ചിട്ടില്ല എന്നുള്ളത്. അങ്ങനെ വെട്ടിയ ഇല എല്ലാം വെട്ടിയ ശേഷം വെള്ളം തളിച്ച് തുടച്ചെടുക്കും ഒപ്പം പാകം നീളത്തിൽ മുറിച്ചുമെടുക്കും. ഈ പണിയൊക്കെ കല്യാണ വീട്ടിലാണ് നടക്കുക. അതിനുമുണ്ടാകും അഞ്ചാറു കുട്ടികൾ, അതിനു നേതൃത്വം നല്കാൻ മുതിർന്ന ഒരാളും.


കല്യാണ ദിവസം രാവിലെ ഫോട്ടോഗ്രാഫർ വരും ചെക്കനോ പെണ്ണോ വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോളേക്കുമാണ് മിക്കപ്പോലും പുള്ളിയെത്തുക. ഫോട്ടോഗ്രാഫർ അന്ന് സ്റ്റാർ ആണ് കാരണം ഫിലിം ഉപയോഗിച്ച് ഫോട്ടോ എടുത്തു തരുക എന്നത് സന്തോഷമുള്ള കാര്യമാണ്. അതുമാത്രമല്ല അവരിച്ചിരി ബ്യൂട്ടി കോൺഷ്യസ് ആയിട്ടാണ് എനിക്ക് മിക്കപോലും തോന്നിട്ടുള്ളത്. ഒപ്പം ആരേം ആകർഷിക്കുന്ന വിധത്തിലുള്ള ഡ്രസ്സ് ഒക്കെയായിരിക്കും പുളളിയിടുക. ഹൈറേൻജിൽ അന്ന് കല്യാണ വീഡിയോ ഒക്കെ കുറവാണു, ഉണ്ടെങ്കിൽ രണ്ടു ശിങ്കിടികൾ ഉണ്ടാകും പ്രധാന ഫോട്ടോഗ്രാഫറുടെ കൂടെ, ലൈറ്റ് പിടിക്കാൻ ഒരു പയ്യൻ: ക്യാമറയും അനുബന്ധ ഐറ്റങ്ങളൊക്കെയുള്ള ബാഗ് പിടിക്കാൻ മറ്റൊരാള്. ഫോട്ടോഗ്രാഫർ വന്നാൽ പിന്നെ വീട്ടിലെ മുഴുവൻ കാര്യങ്ങളും അദ്ദേഹമാണ് നോക്കികൊണ്ടിരുന്നതു എന്ന അവസ്ഥയിലേക്ക് മാറും. കല്യാണ ചെക്കനെ, അപ്പനെ, അമ്മയെ, പെങ്ങളെ, അളിയനെ, ബാക്കി ബന്ധുക്കളെ അങ്ങനെ എല്ലാം നിയന്ത്രിക്കുന്നത് പുള്ളിയാരിക്കും. അയാളുടെ ഒരു ലക്ഷ്മണ രേഖ ഉണ്ടാകും അത് വിട്ടൊരു കളിയുമുണ്ടാകില്ല,
കണ്ണിലേക്കു അടിച്ചു കേറ്റുന്ന എമണ്ടൻ ലൈറ്റ്, സൂര്യപ്രകാശം കഴിഞ്ഞാൽ ചെക്കനും പെണ്ണും ഏറ്റവും കടുത്ത വെട്ടം കണ്ടിട്ടുള്ളത് ഈ ലൈറ്റിന്റെ ആയിരിക്കും. ഇന്നത്തേപോലൊന്നുമല്ല കണ്ണഞ്ചുന്ന വെട്ടത്തിനൊപ്പം നല്ല ചൂടും ഉണ്ട്. അങ്ങനെ ലൈറ്റ് ഓൺ ആക്കുന്നതോടെ പെണ്ണും ചെക്കനും രണ്ടടി അറിയാതെ പുറകോട്ടു മാറിപ്പോകും. അങ്ങനെ മുണ്ടിങ്ങനെ വെക്കണം , ഷർട്ട് ഇങ്ങനെ ഇരിക്കണം കോളർ മടക്കാൻ വരെ ഫോട്ടോഗ്രാഫർ ആണ് നിയന്ത്രണം. ചെറുക്കനെ ഇറക്കി പറമ്പിലേക്ക് നിർത്തിയാലും അവിടേം നല്ല ഫ്രെയിം ആണ്, ഹൈറേൻജ് അല്ലെ എല്ലായിടത്തും പച്ചപ്പും ഹരിതാഭയും ഉണ്ടാകും: അങ്ങനെ പച്ചപ്പും പൂക്കളുമുള്ള നല്ല ഫ്രെയിംസ് നിരവധി.
ജീപ്പിലാണ് കല്യാണം കഴിഞ്ഞു എല്ലാരും വരുക, അഥിതി വീട്ടുകാരൊക്കെ വരുന്നത് കാണാൻ ഒരു രസമാണ്. അന്നും ഇന്നും എന്നും ജീപ്പ് തന്നെയാണ് ഹൈറേഞ്ചിലെ ഒഴിച്ച് കൂടാനാവാത്ത വാഹനം. അഭ്യാസികളായിട്ടുള്ള ആളുകൾ ചവിട്ടി തൂങ്ങി നിന്ന് വരും കുറച്ചുപേർ മുൻപിൽ കുത്തിയിരിക്കും. അങ്ങനെ പെണ്ണിന്റേം ചെക്കന്റേം ആളുകൾ വീട്ടിലെത്തുന്നു. ചെറിയ വർത്തമാനങ്ങളൊക്കെ കഴിഞ്ഞു ഭക്ഷണ സമയം. ആദ്യം ഇരുത്തുന്നത് അതിഥി വീട്ടുകാരെ ആരിക്കും, കൃത്യമായിട്ട് ഒരു നമ്പർ ഒക്കെ ഉണ്ടാകും എത്ര പേര് പെണ്ണിന്റെ വീട്ടിൽ നിന്ന് വരുമെന്നൊക്കെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടാകും. അതനുസരിച്ചായിരിക്കും പന്തികൾ തയാറാക്കിയിട്ടുണ്ടാകുക.
കെട്ടിക്കേറി വധു-വരന്മാർക്കൊപ്പം വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കാൻ പ്രധാന കമാനത്തിനടുത്തുതന്നെ സ്ഥലത്തെ പ്രധാന സുന്ദരിമാരായ രണ്ടു മൂന്നു പേരുണ്ടാകും . വീട്ടിലേക്കു കയറി വരുന്ന എല്ലാവര്ക്കും അവർ ചന്ദനക്കുറി തൊട്ടുകൊടുക്കും. രണ്ടുതവണ ഇരിക്കാതിരിക്കാനുള്ള ഒരു ISI മുദ്രയാണ് ഇത്. ഊണ് കഴിഞ്ഞു അവസാനം ഉള്ള പഴവും പാനിയും ഹൈറേഞ്ചിൻറെ ഒഴിച്ച് കൂടാനാകാത്ത മധുരമാണ്. ഊണ് കഴിഞ്ഞു വാഴ ഇലയിൽ പീച്ചി വെച്ചിരിക്കുന്ന പഴത്തിനു മുകളിലേക്ക് പാനിയൊഴിച്ചു കൊടുക്കും, ഒന്നൂടെ ആ പാനിയും പഴവും കൂടി പീച്ചി ഒരു കഴിപ്പാണ്.
വീട്ടിലെത്തിയ വധുവിനും വരനും വെൽകം ഡ്രിങ്ക് കൊടുക്കുന്ന ഒരു പതിവുണ്ട്. സാധാരണയായി കരിയ്ക്കാണ് കൊടുക്കുക. അതിനുമുണ്ട് പ്രത്യേകത; വെട്ടിയ കരിക്കിനുള്ളിലെ വെള്ളമൊക്കെ വെട്ടുന്നവൻ തന്നെ കുടിക്കും. ദാഹിച്ചു അലഞ്ഞു വരുന്ന അവർക്ക് കുടിക്കാൻ പറ്റാത്ത പാനീയമായിരിക്കും അതിൽ നിറക്കുന്നത്. കട്ട കയ്പുള്ള പാവയ്ക്കാ ഇടിച്ചു പിഴിഞ്ഞതു, കാന്താരി അരച്ച് കലക്കിയത്, ഉപ്പു കലക്കിയത് ഇങ്ങനെ നീണ്ട നിരയുണ്ട്. ഇതിനു പിന്നിലെ കറുത്ത കരങ്ങൾ ആത്മാത്ര സുഹൃത്തുക്കൾ അഥവാ സന്തത സഹചാരികൾ ആണെന്നുള്ളതാണ് സത്യാവസ്ഥ. സ്നേഹമോ അതോ കല്യാണം കഴിച്ച ബുദ്ധിമുട്ടോ? എന്താണ് ഇതിനു പിന്നിലുള്ള ചേതോവികാരമെന്നു എത്ര ആലോചിച്ചിട്ടുമങ്ങു മനസിലാകുന്നില്ല. എന്തായിരിക്കുമല്ലേ? എന്നാലും ഇപ്പോളത്തെ പോലെ അതിരു കടന്നു പോവാത്ത കാര്യങ്ങളാരുന്നു, രസകരമായ കാര്യങ്ങൾ. ഈ കരിക്കു വര്ണക്കടലാസു വെച്ച് ഒട്ടിക്കും. കുടം പോലെ ആകൃതിയിലുള്ള പാനീയം കിട്ടിയ വഴിയിൽ ആഞ്ഞ് വലിക്കും, ആഞ്ഞു വലിച്ചു വായിലെത്തിയ പാനിയം ഇറക്കാൻ പറ്റാത്ത അവസ്ഥയിൽ നിക്കുന്ന പെണ്ണിന്റെ ഒരു മുഖഭാവമുണ്ടു. നിസഹായത! തുപ്പാൻ പറ്റുവോ? എന്ത് ചെയ്യാൻ. അനുഭവിക്കുക, എന്നിട്ട് പതുക്കെ ഇറക്കും വേറെന്ത് ചെയ്യാൻ?
കഴിഞ്ഞിട്ടില്ല, ഇതൊക്കെ പോരാത്തതിന് ഏതേലും ഒരു സ്ട്രൗ അടച്ചും വെക്കും. ദാഹിച്ചു എത്തിയ പെണ്ണ് ആഞ്ഞാഞ്ഞു വലിക്കും എവിടെ കിട്ടാൻ!
അന്തക്കാലത്തിലെ സമ്മാനങ്ങൾ പ്രധാനമായും പാത്രങ്ങൾ ആണ്. ക്ലോക്കുകൾ, ഡ്രസ്സ്, ഡിന്നർ സെറ്റ്, എന്നിങ്ങനെ ആണ് മറ്റുള്ളവ. സ്റ്റീൽ പത്രങ്ങളിൽ ഗിഫ്റ്റ് കൊടുക്കുന്ന ആളുടെ പേര് ആലേഖനം ചെയ്യുന്ന ഒരു ഏർപ്പാട് അന്നുണ്ടാരുന്നു; ഞാൻ വെറും കൈയോടെ അല്ല വന്നതു ഏന്നു കാണിക്കാനുള്ളതാണ് ഇത്. ഇങ്ങനൊക്കെയാണേലും ചിലരൊക്കെ ഇതിൽ പേരെഴുതാറില്ല.
ഇനിയൊരു വൈകാരികമായ രംഗമുണ്ട് കല്യാണവീട്ടിൽ. പ്രാണന് തുല്യം സ്നേഹിച്ച മകൾ, പെങ്ങൾ മറ്റൊരു വീട്ടിലേക്കു കെട്ടിച്ചു വിടുന്നതിന്റെ; പെണ്ണിനോട് യാത്ര പറയുന്ന സീൻ പെണ്ണിന്റെ അച്ഛന്റെ സ്നേഹത്തോടെയുള്ള വാക്കുകളും അമ്മയുടെയും മോളുടെയും കരച്ചിലും ആലിംഗനങ്ങളും ഇന്നത്തെപോലെ അന്നും നടന്നിരുന്നു. കരച്ചിൽ ക്യാമറാമാൻ സകല കഴിവും പുറത്തെടുത്തു ക്യാൻവാസിൽ ഒപ്പിയെടുക്കും.
അങ്ങനെ എല്ലാവരും പോയി കഴിഞ്ഞു പിന്നെ ചെറുക്കന്റെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും അവസാനം വീട്ടിലുണ്ടാകുക, പന്തലഴിക്കുക, വാടകക്കെടുത്ത പടുതായും കസേരയും മറ്റും തിരികെ കൊടുക്കേണ്ട ഉത്തരവാദിത്വം അവർക്കാണ്. കല്യാണമുറപ്പിച്ചപ്പോൾ മുതൽ ഒപ്പമുള്ള അവർക്കുള്ള അല്ലറ ചില്ലറ മദ്യ സല്കാരങ്ങളും മറ്റുമാണ് പിന്നീട് അവിടെ നടക്കുക. ഇതെല്ലം കഴിഞ്ഞു മിച്ചമുള്ള ഭക്ഷണം അയൽവക്കത്തെ വീടുകളിലേക്കു കൊടുത്തുവിടും. നാവിൻ തുമ്പത്തുള്ള രുചിയോർമകളുമായി ഹൈറേഞ്ചിലെ അങ്ങനെ ചില കല്യാണ മേളങ്ങൾ.
Authors :Bibin Chacko , Abin Joshy