ഇന്നത്തെ തലമുറ ലുഡോയും പബ് ജിയും കളിക്കുമ്പോലെ നമ്മൾ നമ്മുടെ കുട്ടിക്കാലത്തു സജീവമായി കളിച്ചിരുന്ന ഒരു കളി ഉണ്ടായിരുന്നു. തൊണ്ണൂറുകളുടെ കാലഘട്ടം. ഇന്ന് കമ്പ്യൂട്ടർ ഗെയിമും ഒക്കെ കളിക്കുന്ന ഇന്നത്തെ കുട്ടികളോട് അന്നത്തെ മണ്ണിൽ കളിച്ച, ക്രിക്കറ്റ് ഒരു വികാരമായി കൊണ്ട് നടന്ന ഒരു കാലത്തെ കഥ പറയാം. നമ്മുടെ നാട്ടിലൊക്കെ ഗ്രൗണ്ട് എന്ന് പറയുന്നത് പൊതു വഴികള് തന്നെ ആയിരുന്നു. മൂന്നു ചീമക്കൊന്ന കമ്പു നാട്ടി മടക്കല കൊണ്ടുള്ള ബാറ്റ് വെച്ച് പന്തടിച്ചു തുടങ്ങിയ കുട്ടിക്കാലം. ക്രിക്കറ്റ് കളി എന്നും ഹരമായിരുന്നു. കുറച്ചു സമയം കിട്ടിയാൽ പോലും കൂട്ടുകാരുമൊത്തു ക്രിക്കററ് കളിക്കുമായിരുന്നു.
ആദ്യം കളിച്ചു തുടങ്ങണ സമയങ്ങളിൽ മടക്കലകൊണ്ട് ചെത്തി ചീമ്പിയ ബാറ്റും, ചട്ടിപന്തു എന്ന് നാടൻ പേരുള്ള ചെറിയ പ്ലാസ്റ്റിക് പന്തുമായിരുന്നു താരങ്ങൾ. കൈമടക്കി പന്തെറിഞ്ഞു തുടങ്ങിയ കാലം, കൈ കറക്കി എറിയണമെന്നൊന്നും അറിയാത്ത ബാല്യകാലം; ആരും കളിയൊന്നും പഠിച്ചിട്ടില്ല, ഇത് ടീവിയിൽ കണ്ടുള്ള അറിവേ ആകെയുള്ളു. മാട്ടയിലും, മാവിലും, വഴിയിലെ പോസ്റ്റിലും എറിഞ്ഞോണ്ടിരുന്ന നമ്മൾ കൈ കറക്കി എറിയാൻ പഠിച്ചു തുടങ്ങുന്നത് അക്കാലത്താണ്. വീടിന്റെ മുറ്റം ആദ്യം ഗ്രൗണ്ടായി മാറി, പതുക്കെ അത് പിന്നെ വഴിയിലേക്കും കൊയ്ത്തു കഴിഞ്ഞ പാടത്തേക്കുമൊക്കെ മാറി. പിന്നീട് സ്കൂളിന്റെ മുറ്റത്തും പഞ്ചായത്തു ഗ്രൗണ്ടുകളിലും എത്ര എത്ര സിക്സറുകൾ പിറന്നിരിക്കുന്നു.
സ്കൂളിൽ പഠിക്കുന്ന സമയത്തു വെള്ളിയാഴ്ച ആകുമ്പോളേക്കും ഭയങ്കര സന്തോഷമാണ് കാരണം ഇനി രണ്ടു ദിവസത്തേക്കു ക്ലാസ് ഇല്ല. പരമാവതി സമയം കളി മാത്രം, ടീവി കാണുക എന്നതൊക്കെ ചുരുക്കമായിരുന്ന ഒരു കാലം. അന്ന് കാണാൻ മിക്ക വീട്ടിലും ടീവി ഇല്ലായിരുന്നു എന്നൊരു സത്യവുമുണ്ട്. എന്നാലും ഞായറാഴ്ച ദൂരദർശനിലെ പടം കാണുന്നതിനൊരു മുടക്കവും വന്നിട്ടില്ല. അക്കഥ അടുത്തൊരു ബ്ലോഗിൽ പറയാം.
വെള്ളിയാഴ്ച സ്കൂൾ വിട്ടാൽ പിന്നെ ചിന്തിക്കുന്നത് എവിടെ ക്രിക്കറ്റ് കളിക്കുമെന്ന് തന്നെയിരുന്നു. വീടിനു തൊട്ടടുത്തു തന്നെയും കിലോമീറ്ററുകൾ നടന്നുപോയും ക്രിക്കറ്റ് ക്രിക്കറ്റ് കളിച്ചൊരു കുട്ടിക്കാലമായിരുന്നു അത്.
അന്നൊക്കെ വൈകിട്ട് ഒരു മൂന്നു മണി കഴിയുന്നതോടെ കളി തുടങ്ങും. ജീപ്പോക്കെ പോയി ജീപ്പിന്റെ ടയറിന്റെ പാടുകൾ തെളിഞ്ഞ വഴി, അക്കാലത്തു നമ്മുടെ ഹൈറേഞ്ചില് ജീപ്പ് മാത്രം വരുന്ന വഴികളായിരുന്നു അത്; കളിക്കിടയിൽ ശല്യപ്പെടുത്താൻ ആകെ ഉണ്ടായിരുന്നത് വല്ലപ്പോഴും വന്നിരുന്ന ഈ ജീപ്പുകളായിരുന്നു . വണ്ടി കയറ്റം കയറി വരുന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ സ്റ്റമ്പ് പറിച്ചു മാറ്റിവെക്കും, വണ്ടി പോണപാടെ വീണ്ടും കളി തുടരും.
അയൽവക്കത്തെ പിള്ളേര് കൂടിയാണ് മിക്കപ്പോളും ടീമോക്കെ ഇട്ടു കളിക്കുന്നത്. കളിയ്ക്കാൻ ഒരു ടീമിൽ പതിനൊന്നു പേര് വേണമെന്നൊന്നും ഒരു നിര്ബന്ധവുമില്ലായിരുന്നു. എത്ര പേരുണ്ടോ അത്രേം പേരെ വെച്ചൊരു കളി. പത്തു പന്ത്രണ്ടു രൂപ വിലയുള്ള പന്ത് എല്ലാരും കൂടി പിരിവിട്ടു മേടിക്കും. കാരണം ഒറ്റക്കൊരുത്തനാണ് അത് മേടിക്കുന്നതെങ്കിൽ അവനു ദേഷ്യം വന്നാൽ പന്തുമായി അവൻ വീട്ടിൽ പോകും, അങ്ങനെ കളി മുടങ്ങാതിരിക്കാണ് അത്.
അക്കാലത്തു ഹൈറേഞ്ചിലെ മിക്ക വീട്ടിലും പശുവും ആടുമൊക്കെയുണ്ടാകും. പശുവിനുള്ള പുല്ലു ചെത്തികൊണ്ട് വരുക, ആടിനെ ഒക്കെ കൊണ്ടെ തീറ്റിക്കുക എന്നതൊക്കെ പിള്ളേരുടെ പണികളാരുന്നു . കളിക്കാനുള്ള ആവേശത്തിൽ അതൊക്കെ ശനിയാഴ്ചയും ഞായറാഴ്ചയും മൂന്നു മണിക്ക് മുന്നേ ചെയ്തു തീർക്കുമാരുന്നു കൂടാതെ അപ്പനും അമ്മേമൊക്കെ എന്തേലുമൊരു പണിയൊക്കെ പറഞ്ഞാൽ ഒരു യന്ത്രം പോലെ ചെയ്തു തീർക്കുമാരുന്ന ബാല്യകാലമാരുന്നു അത് കാരണം വൈകിട്ടു കളിയ്ക്കാൻ പോകാനുള്ളതാണ്!!! കളി എന്ന വികാരം കൊണ്ട് മാത്രം എത്രയോ പണികൾ എടുത്തിരിക്കുന്നു. വൈകുന്നേരം എല്ലാവരും കൂടി ഒത്തുകൂടും, ആ ആരവത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മനസിന്റെ വെമ്പലാണ് പണിയൊക്കെ പെട്ടെന്ന് ചെയ്യാൻ നമ്മളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്.
വീണ്ടും കളിക്കൊരു മാറ്റം വേണമെന്ന് ആഗ്രഹത്തിൽ
അടുത്തുള്ള സ്കൂളുകളില് കോളേജുകളില് ചേട്ടന്മാര് എങ്ങനെയാണു
കളിക്കുന്നതെന്നു നോക്കാനും കളികാണാനും വേണ്ടി പല യാത്രകൾ. അങ്ങനെ
പോയപ്പോളാണ് ടീവിയിൽ അല്ലാതെ പാഡും ഹെൽമെറ്റും ഒക്കെ നേരിട്ട് കാണുന്നതും
അത് വെച്ചുള്ള കളി കാണുന്നതും. ഈ മാറ്റങ്ങളൊക്കെ നമ്മുടെ വഴി കളിലേക്കും കൊണ്ടോരണമെന്നു ആഗ്രഹിച്ചു.
ചട്ടിപന്തിൽ തുടങ്ങിയ കളി പതുക്കെ റബ്ബർ പന്തിലേക്കു മാറി. സ്ടമ്പർ ആയിരുന്നു അന്നത്തെ താരം. അന്നത്തെ കേരളത്തിലെ അംഗീകൃത ക്രിക്കറ്റ് പന്താരുന്നു അത്. മറ്റു പന്തുകളേക്കാൾ കുറച്ചു കാലം ആയുസുള്ള പന്തുകളായിരുന്നു അത്. സ്ടമ്പർ പന്തു വാങ്ങിച്ചു കഴിഞ്ഞാൽ ചില സൂത്ര വിദ്യകളൊക്കെ ഉണ്ടായിരുന്നു. അതിലൊന്നാണ് സൂചി പഞ്ചറിടും പന്തിനൊരു വഴക്കം വരാനാണ്; പെട്ടെന്ന് പൊട്ടാതിരിക്കുകേം ചെയ്യും.
പിന്നീട് വീണ്ടും കുറെ കൂടെ ആധൂനികവത്കരിച്ചു റബ്ബർ പന്തിൽ നിന്ന് വെൽവെറ്റു തുണിയുടെയൊക്കെ കവറൊക്കെ ഉള്ള സുന്ദരിയായ ടെന്നീസ് പന്തിലേക്കെത്തി. അങ്ങനെ ടെന്നീസ് ബോളിലേക് മാറി കുറേക്കാലത്തേക്കു കളി.
ബോള് മാറിയതോടെ ബാറ്റിലും മാറ്റങ്ങൾ വന്നു തുടങ്ങി. വീട്ടിലെ പറമ്പിൽ നിന്ന് പാലയും പാറമുകളിലെ ചേലയും, കുളവക്കിലെ തേരകവും വെട്ടി ബാറ്റാക്കി മാറ്റി നമ്മുടെ ചേട്ടായിമാർ. അങ്ങനെ ഇരിക്കുമ്പോളാണ് നമ്മുടെ അനിൽ ചേട്ടായി ഒരു ബാറ്റുമായി വരുന്നത്. ശരിക്കും സച്ചിനൊക്കെ MRF വെച്ച് കളിക്കുമ്പോ നമ്മളൊക്കെ കൊതിച്ചതാണ് അതുപോലൊരു ബാറ്റൊക്കെ വെച്ച് കളിക്കാൻ. ആ സ്വപ്നം യാഥാർഥ്യമാക്കിയപോലെ അതുപോലൊരു ബാറ്റുമുണ്ടാക്കിയാണ് അന്ന് അനിൽ ചേട്ടായി ഗ്രൗണ്ടിലെത്തിയത്. കണ്ടപ്പോൾ തന്നെ എല്ലാർക്കും അതിശയമായിപ്പോയി അത്ര മനോഹരമായിരുന്നു ആ ബാറ്റിന്റെ നിർമിതി. അന്ന് ഉന്നതിന്റെ(ഒരു മരം) തടി വെച്ചാണ് ആ ബാറ്റിട്ടുണ്ടാക്കിയത്. ഇന്നും അനിൽ ചേട്ടായിയോട് അത് പറയുമ്പോൾ പുള്ളിടെ കണ്ണിലൊരു തിളക്കം കാണാം, അന്നത്തെ ഓർമ്മകൾ നൽകുന്ന സന്തോഷത്തിന്റെ തിളക്കം. പിന്നീട് ബാറ്റു നിർമാണത്തിന്റെ കുത്തകയായി മാറി പുള്ളിടെ വീട്ടിലെ തടികളും പറമ്പിലെ മരങ്ങളുമൊക്കെ.
അന്ന് ആ നാട്ടിൻപുറത്തെ ക്രിക്കറ്റ് കളിയെ നയിക്കാൻ കുറച്ചു മുതിർന്ന ചേട്ടായിമാരുണ്ടാരുന്നു. അവരിലെടുത്തു പറയണ്ട ചേട്ടായിമാരാണ് ടൈറ്റസ് ചേട്ടായി, ജോബി ചേട്ടായി, അനിൽ ചേട്ടായി, ഷാജി ചേട്ടായി. അവരിൽ ക്രിക്കറ്റിനോട് കൂടുതൽ കമ്പമുണ്ടാരുന്നത് കുട്ടായിചേട്ടായി എന്ന് വിളിക്കുന്ന ടൈറ്റസ് ചേട്ടായി ആണ്. സ്പോർട്സ് മാസിക ഒക്കെ വാങ്ങിച്ചു എങ്ങനെ ബാറ്റു ചെയ്യണം, എങ്ങനെ ബോള് ചെയ്യണം, ഒരു ക്രിക്കറ്റ് കളിയിൽ പെരുമാറേണ്ടതെങ്ങെനെയാണ്, മറ്റു കളിക്കാരുമായി എങ്ങനെ ഇടപെടണം എന്നിങ്ങനെ എല്ലാം വായിച്ചു പഠിച്ചു നമുക്ക് പഠിപ്പിച്ചു തരണതു കുട്ടായി ചേട്ടായി ആയിരുന്നു.
പിന്നീട് ടീവിയിൽ ഒക്കെ കാണുമ്പോലെ കളിയോട് കുറച്ചു കൂടി നീതി പുലർത്താൻ തുടങ്ങി. നിയമങ്ങളൊക്കെ ഒരു പരിധി വരെ പാലിക്കാൻ തുടങ്ങിയ സമയം. പിന്നീട് ക്രിക്കറ്റ് കളിയെപ്പറ്റി എഴുതുമ്പോ മറക്കാൻ പറ്റാത്ത ഒരാളാണ് ജോബി ചേട്ടായി, അന്നത്തെ കോളേജ് ടീമിലൊക്കെ കളിച്ചു സ്റ്റാർ ആരുന്നു ചേട്ടായി. വളരെ സ്പീഡിൽ ബോള് ചെയ്യുന്ന ചേട്ടായിടെ പന്ത് ബാറ്റിൽ കൊള്ളിക്കാൻ ബുദ്ധിമുട്ടാരുന്നു. ബാറ്റിങ്ങിലും താരം തന്നെയാരുന്നു ചേട്ടായി; ഇടതൂർന്നു നിക്കുന്ന കവുങ്ങിന്റെ ഇടയിലൂടെ പന്തടിച്ചു ബൗണ്ടറി പറത്തുന്നതു കാണാൻ തന്നെ ഒരു രസമായിരുന്നു. അടിക്കുന്ന ശക്തിയിൽ കമുകിൽ കൊണ്ടു കോർക് പന്ത് പിളർന്നു പോയതും പലവട്ടം.
അന്നത്തെക്കാലത്തു കളി ജയിക്കുന്ന ടീമിന് എന്തെങ്കിലും സമ്മാനം കൊടുക്കുമാരുന്നു, ഇന്നത്തെപോലെ പൈസയോ ട്രോഫി ഒന്നുമല്ല, ജയിച്ച ടീമിലെ എല്ലാവര്ക്കും ബോണ്ടയോ ഉള്ളിവടയോ, പരിപ്പ് വടയോ അങ്ങനെ ചായകാടേന്നു കിട്ടുന്ന എന്തേലുമാരുന്നു സമ്മാനം. ജയിച്ച ടീമിനാണ് കിട്ടുന്നതെങ്കിലും തോൽക്കുന്ന ടീമിലെ കളിക്കാർക്കും അവർ പങ്കിട്ടു കൊടുക്കും. പിന്നീട് ഒരു തുകക്ക് കളിക്കുന്ന രീതി തുടങ്ങി. കിട്ടുന്ന പൈസ ബാറ്റോ ബോളോ ഒക്കെ മേടിക്കാൻ ഉപയോഗിക്കും. ഇക്കാലമായപ്പോളേക്കും കളിക്കുന്നത് കോർക് പന്തിലായി മാറിയിരുന്നു.
ഇന്നത്തെപോലെ മൊബൈൽ ഫോൺ ഇല്ലാത്തതു വളരെ ബുദ്ധിമുട്ടാരുന്നു അന്നൊക്കെ. കളിക്കാൻ പോയ കൊച്ചിനെ കാണാതെ അപ്പനും അമ്മയും അന്നോഷിച്ചു വന്ന എത്രയോ ദിവസങ്ങൾ. അങ്ങനെ വെറും കയ്യോടെയൊന്നുമല്ല അവർ വന്നിരുന്നേ ഒരു വടിയും കൂടെക്കാണും കാരണം ഉച്ചക്ക് മുന്നേ പോന്നതാണ് വീട്ടീന്ന്, പിന്നെ ഭക്ഷണം കഴിക്കാൻ പോലും ചെന്നിട്ടില്ല. എത്ര സമയമെന്നുവെച്ചാ നോക്കിയിരിക്കുക. അങ്ങനെ അന്നോഷിച്ചു വരുമായിരുന്നു, ആ അടിയുടെ ചൂട് പേടിച്ചു റൺ എടുക്കാൻ ഓടുന്നതിനേക്കാൾ വേഗതയിൽ എത്രയോ തവണ വീട്ടിലേക്കോടിയിരിക്കുന്നു.
അന്ന് റേഷൻ കടേൽ അരി മേടിക്കാൻ പോണ വഴി ക്രിക്കറ്റ് കളിച്ചു കളി കഴിയുമ്പോളേക്കും കടയടച്ച എത്രയോ ദിവസങ്ങൾ അരി കിട്ടാതെ വീട്ടിലെത്തി അടി മേടിച്ചിരിക്കുന്നു. കുതിർന്ന അരി പൊടിക്കാൻ മില്ലിൽ കൊണ്ടോകും വഴി ക്രിക്കറ്റ് കളിച്ചു അരിപൊടിക്കാൻ മറന്നു വീട്ടിൽ തിരിച്ചെത്തി വഴക്കുകേട്ട ദിവസങ്ങളും കുറേ...
അന്നത്തെക്കാലത്തു നന്നായി ബാറ്റു ചെയ്യുന്നവനാണ് വില, നന്നായി ബോൾ ചെയ്താലോ, കീപ് ചെയ്താലൊന്നും വലിയ മീച്ചമില്ല. ബാറ്റു ചെയ്തു കഴിഞ്ഞു അരി മേടിക്കാൻ പോണം എന്ന് പറഞ്ഞു മുങ്ങുന്നവരുമുണ്ടാരുന്നു.
ടെന്നീസ് ബോളിൽ നിന്ന് കോർക് ബോളിലേക് കളി മാറ്റിയ സമയം. ഒരു വിരുതൻ സ്വന്തമായി ബാറ്റൊണ്ടാക്കികൊണ്ടു വന്നു, കെട്ടിലും മട്ടിലും അടാറു ലുക്ക്. ആദ്യ ബോളിൽ പിടി മാത്രം കയ്യിൽ, ബാറ്റിന്റെ ബാക്കി പറന്നു പറമ്പിലും. അന്ന് തന്നെ അവനെ മേലാൽ ബാറ്റു ഉണ്ടാക്കിപോവരുതെന്നൊരു ഉപദേശവും കൊടുത്താണ് വിട്ടത്.
കൂട്ടത്തിൽ ഇടം കയ്യൻ ബാറ്റ്സ്മാൻ ആയിരുന്ന് ഷാജി ചേട്ടായി അടിച്ച പന്ത് കവുങ്ങിന് മുകളിൽ കുരുങ്ങി ഇരുന്നതും, അവസാനം കവുങ്ങിൽ കയറി പാളയുടെ എടേന്നു പന്തെടുക്കേണ്ടി വന്നതും വഴിയിലെ ഗ്രൗണ്ടിലെ കളിക്കിടയിലാണ്. നല്ലൊരു സിക്സർ ആണേൽ പന്ത് പോയെന്നു കരുതിയാൽ മതി. അതോണ്ട് തന്നെ രണ്ടു മൂന്ന് കോർക്ക് ബോളൊക്കെയായിട്ടാണ് കളിക്കാൻ വരുന്നത് തന്നെ. ബാറ്റ് ഒടിഞ്ഞു കളിക്ക് തടസം വരാതിരിക്കാൻ അതുമുണ്ടാകും രണ്ടും മൂന്നുമോക്കെ.
കളിയെ തടസ്സപ്പെടുത്തുന്ന മറ്റൊരു വില്ലനായിരുന്നു മഴ. എങ്ങാനും മഴ പെയ്താൽ തൊട്ടടുത്ത വീട്ടിലാരുന്നു അഭയം തേടിയിരുന്നത്. അവിടെ കട്ടൻ ചായയൊക്കെ കുടിച്ചു മഴ പോകും വരെ ചീട്ടു കളിക്കും. അങ്ങനെ ചീട്ടു കളിച്ചു എത്രയോ കഴുതയായിരിക്കുന്നു. ചെലപ്പോ മഴയാണേൽ കപ്പ പറിച്ചു ചെണ്ടൻ പുഴുങ്ങും. കാന്താരിമുളകും പുളിയും ചെറിയഉള്ളിയുമൊക്കെ കൂട്ടി അരച്ച ചമ്മന്തിടേം കപ്പേടേം രുചിയൊക്കെ ഇപ്പോളും നാവിലുണ്ട്. നല്ല വിശന്നു നിന്നപ്പോളാണ് ഇതൊക്കെ കിട്ടിയിരുന്നത്. ഇങ്ങനെ മഴയൊക്കെ കഴിഞ്ഞു കളി തുടങ്ങുമ്പോ ആദ്യ പന്ത് തന്നെ ഓടിട്ട ഈ വീടിനു മുകളിലേക്കായിരിക്കും. അങ്ങനെ എത്ര സിക്സറുകൾ എത്ര എത്ര ഓടുകൾ തകർത്തിരിക്കുന്നു. എത്രയോ വട്ടം പിരിവിട്ടു ഓട് വാങ്ങിച്ചിരിക്കുന്നു. കളിക്കാൻ വരുന്ന ആരുടേലും വീട്ടിൽ പഴേ ഓടുന്നെങ്കിൽ കൊണ്ടെ കൊടുത്തിട്ടുണ്ട്. ഇതെല്ലാം കളിയോടുള്ള അടങ്ങാത്ത ആവേശം കൊണ്ടൊന്നുമാത്രമല്ല അവരോടുള്ള സ്നേഹം കൊണ്ടു കൂടിയാണ്.
വീടിന്റെ പുറത്തിറക്കി വെച്ചിരുന്ന ചട്ടിക്കും കലത്തിനുപോലും ഒരു ഗ്യാരണ്ടീമില്ലാതിരുന്ന കാലമാരുന്നു അത്. പന്തുകൊണ്ട് പൊട്ടിയ മീൻ ചട്ടിയും ചോറു കലങ്ങളുമുണ്ട് നിരവധി.
നമ്മുടെ ഗ്രൗണ്ടായിരുന്ന ആ വഴിയിലൂടെ നടക്കുമ്പോ മനസിലൂടെ ആ കുട്ടിക്കാലം ഇപ്പോളും വരാറുണ്ട്. ഒപ്പം അന്നത്തെ സൗഹൃദങ്ങളും.
പബ് ജിയുടെയും ലുഡോയുടെയും ഇന്നത്തെ തലമുറയോട് ഒന്നേ പറയാനുള്ളു. ബാറ്റും ബോളുമായി പാടത്തും പറമ്പിലുമിറങ്ങുക(മാസ്ക് വെക്കാൻ മറക്കല്ലേ). അങ്ങനെ നമ്മുടെ സൗഹൃദങ്ങളും വളരട്ടെ.