STAY WITH US

മഴക്കാലത്തെ പാത്തികുളി

കാലത്ത് തന്നെ നല്ല മഴയാണ്. മഴയത്തും രാവിലെ തന്നെ എഴുന്നേറ്റ് ഒരു ഗ്ലാസ് കട്ടൻ ചായയുo പിടിച്ച് തിണ്ണയിൽ കുത്തിയിരുന്ന് മഴ അങ്ങനെ കാണും. വീടുമേഞ്ഞിരിക്കുന്ന ഓടിൽ നിന്നും തുരുതുരാ വീടുന്ന മഴത്തുള്ളികൾ. മലമുകളിലെ വീടിന്റെ ഉമ്മറത്തിരുന്ന് ചായ കുടിക്കുമ്പോൾ അക്കരെ മലയിലെ മഴ കാണാം . ചിലപ്പോൾ കാറ്റും ആരവങ്ങളുമൊക്കെയായി അക്കരെ മലയിൽ നിന്നും പെയ്ത് തുടങ്ങി ഇപ്പുറമെത്തും. മറ്റു ചിലപ്പോ അക്കരെ മലയിലൂടെ മാത്രം മഴ പെയ്തങ്ങു പോകും. മഴ പെയ്തു തോർന്നാൽ എന്തൊരു പച്ചപ്പാണ്. മഴക്ക് പിന്നാലെ കോടമത്തിൽ മല മുഴുവൻ മൂടും. മുന്നിൽ ഉണ്ടായിരുന്ന മലകളെല്ലാം പൊടുന്നനെ അപ്രത്യക്ഷമാകും, പ്രകൃതിയുടെ ഒരു ഒളിച്ച് കളി. ഇത് മുഴുവൻ ഒരു കട്ടൻ ചായയുമായി തിണ്ണയിലിരുന്നങ്ങനെ നോക്കിക്കാണും. 
 മഴക്കാലമായാൽ പിന്നെ പറമ്പിൽ മുഴുവൻ ഉറവയാണ്. ചെറിയ ചെറിയ അരുവികളൊക്കെ താത്കാലികമായി രൂപം കൊള്ളും. പറമ്പിലും വഴിയിലും തോട്ടിലുമൊക്കെ നിറയെ വെള്ളം. തോടൊക്കെ മെത്തി ഒഴുകും. സ്കൂളിൽ പോകുന്ന വഴിയിലുമെല്ലാം ഇങ്ങനെ രൂപം കൊണ്ട ഉറവകളും അരുവികളും ഒഴുകുന്നുണ്ടാകും. അതിലൊക്കെ കാലും കയ്യും മുക്കിയും പൊക്കിയുമൊക്കെയാണ് സ്കൂളിൽ പോകുന്നതും തിരികെ വരുന്നതും. 
മഴക്കാലത്തെ കുളിയാണ് പ്രധാനം. നല്ല ഉറവയുണ്ടായിരുന്ന ഓലിയിലാണ് കുളി.  കണ്ണീർ തുള്ളികൾ പോലെ ഒഴുകി വരുന്ന ഉറവ. ഓലിയുടെ മുകളിൽ നീണ്ട ഈറ്റകളങ്ങനെ വളർന്ന് നിക്കുന്നുണ്ട്. ഉറവയിൽ നിന്ന് വാഴപോള പാത്തി വെച്ചാണ് വെളളമെടുക്കുന്നത്. ഈറ്റയിലകൾ ചെറിയ കല്ലുകൾ വെച്ച് വെള്ളം വാഴപ്പാത്തിയിലേക്ക് ഒഴുക്കും. പിന്നെ വാഴപ്പോളപ്പാത്തിയുടെ അടിയിൽ നിന്നാണ് കുളി. വാഴപ്പോള കൊണ്ടുണ്ടാക്കിയ ഷവർ. മതിവരുവോളം അതിനിടയിൽ നിന്ന് കുളിക്കാം, വെള്ളം വന്ന് കൊണ്ടേ ഇരിക്കും. വെള്ളത്തിനൊരു പഞ്ഞവുമില്ല. 
കുളിയുടെ ആദ്യഭാഗം പാരഗൺ റബ്ബർ ചെരുപ്പ് കല്ലിലുരച്ച് വെളുപ്പിക്കലാണ്. ചരിച്ചും വളച്ചുമൊക്കെ കല്ലിലുരച്ച് വശങ്ങളെല്ലാം വെളുപ്പിക്കും. പിന്നെ കൊണ്ടുവന്ന ചകിരിയും അലക്ക് സോപ്പും കൊണ്ട് ചെരുപ്പിന്റെ ഉള്ളൊക്കെ വെളുപ്പിച്ചെടുക്കും. വെളുത്ത് കഴിഞ്ഞാൽ ചെരുപ്പ് ഒരു കല്ലേൽ ചാരിവെയ്ക്കും. കുളിക്കാൻ വരാൻ നേരം പറിച്ച ചെമ്പരത്തി ഇലകളെല്ലാം കല്ലിൽ കുത്തിപ്പിഴിഞ്ഞ് താളിയെടുക്കും: പച്ച നിറത്തിൽ കൊഴുത്ത് പതഞ്ഞ താളിയൊക്കെ തേച്ചാണ് ബാക്കി കുളി. പിന്നെ മേലു മുഴുവൻ സോപ്പിൽ പതപ്പിക്കും. ലൈഫ് ബോയ് ആണ് അന്ന് ഫെയിമസ്. മേല് മുഴുവൻ തേച്ച് പതപ്പിച്ച് ചകിരിനാരു കൊണ്ട് തേച്ചൊരു നീണ്ട കുളി. വീട്ടിൽ പൊതിച്ച തേങ്ങയുടെ ചകിരിക്കഷണമായിട്ടാണ് കുളിക്കാനുള്ള വരവ്. വന്ന് ചകിരിതാര് മാന്തിപ്പറിച്ചെടുത്ത് കല്ലിലിടിച്ച് ചകിരിച്ചോറൊക്കെ കഴുകി കളയും. എന്നിട്ട് തേഞ്ഞ് തീരാറായ സോപ്പിന്റെ ഒരു കഷണവും വച്ചാണ് മേലു തേയ്ക്കുന്നത്. ഒറ്റക്കായിരിക്കില്ല കുളി, മിക്കപ്പോഴും അയൽവീട്ടിലെ ചേട്ടായിമാരും പിള്ളേരുമൊക്കെയുണ്ടാകും. കുളി ആകെ ഒരു മേളമാണ്.!
ഇന്ന് ഇതൊക്കെ ഓർമകൾ മാത്രമായി; ഓലിയും ഉറവയും വറ്റിവരണ്ട് പോയിരിക്കുന്നു. കുളത്തിനു മുകളിലെ ഈറ്റത്തുറുവും ഇന്നില്ല. ഇനിയൊരിക്കലും തിരികെ കിട്ടാത്ത പാത്തിക്കുളി. ഓർമ്മയുണ്ടാകുന്നത് വരെ ഓർത്തിരിക്കാൻ!