കാലവർഷത്തിൽ തണുപ്പത്ത് ആകെയുള്ള പഴയ കമ്പിളിക്കുള്ളിൽ ചുരുണ്ടുറങ്ങുന്നത് എന്തൊരു സുഖമാണ്. അങ്ങനെ സുഖമായി ഉറങ്ങിക്കിടക്കുമ്പോളാണ് ഓടി നിടയിലൂടെ മഴത്തുള്ളി തലയിലേക്ക് തന്നെ വീഴുന്നത്. ഉറക്കം മുറിഞ്ഞ വിഷമത്തിൽ എണീറ്റ് പഴയ എവരഡി ബാറ്ററി ടോർച്ച് എടുത്ത് പുരമുകളിലേക്ക് തെളിച്ചു നോക്കും. അപ്പോഴുo ഓടിനിടയിൽ കൂടി മഴവെള്ളം താഴോട്ട് വരുന്നുണ്ടാകും. അന്ന് വീട്ടിൽ കരണ്ടൊന്നുമില്ല. വീട്ടിലെന്നല്ല ഞങ്ങളുടെ ചെറിയ ഗ്രാമത്തിലേക്കേ കരണ്ട് കടന്ന് വന്നിട്ടില്ല. ഇനിയിപ്പോ ഓടൊന്നു അനക്കി വെക്കണം എന്നാലെ മഴത്തുള്ളി വീഴുന്നത് നിക്കൂ. അടുക്കളയും ബെഡ് റൂമും വേർതിരിക്കുന്ന പച്ചയിഷ്ടിക കൊണ്ട് പണിത അരഭിത്തിയിൽ കയറി നിന്നാൽ കഴുക്കോലിൽ പിടിത്തം കിട്ടും, അങ്ങനെ അതിൽ തൂങ്ങി നിന്നാൽ പട്ടികപുറത്തേ ഓടിളക്കി നേരെ വയ്ക്കാം. ഈ കലാപാടിക്ക് മുന്നം വിളക്ക് കത്തിക്കണം. സാക്ഷാൽ മണ്ണെണ്ണ വിളക്ക്. മൂന്ന് ഇഷ്ടിക വെച്ചുണ്ടാക്കിയ അടുപ്പിന്റെ അടുത്താണ് തീപ്പട്ടി വയ്ക്കാറ് പ്രത്യേകിച്ച് മഴക്കാലത്ത്. അല്ലെങ്കിൽ തീപ്പട്ടി തണുത്തു പോകും, കത്താൻ പാടാണ്. ഇടക്ക് തണുത്തു പോയ തീപ്പട്ടി വെച്ച് വിളക്ക് കത്തിക്കേണ്ടി വരും. അങ്ങനെ ഉരക്കുമ്പോൾ ഒടിഞ്ഞു പോകാൻ വേണ്ടി മാത്രം കുറേ തീപ്പട്ടിക്കൊള്ളികൾ. സ്കൂളിൽ നിന്ന് വന്ന് വായനയും പഠനവുമൊക്കെ ഈ മണ്ണെണ്ണ വിളക്കിലാണു, ഞാൻ പ്ലസ് ടു പഠിച്ചത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് കേട്ടോ. തിണ്ണയിലിരുന്ന് പുസ്തകം വായിക്കുമ്പോൾ കാറ്റടിച്ച് വിളക്ക് കെടാതിരിക്കാൻ ഭിത്തിയോട് ചേർത്ത് വയ്ക്കും. അങ്ങനെ വിളക്കിന്റെ കരിയിൽ ഒരു ചിത്രം രൂപപ്പെടും. മണ്ണെണ്ണ വിളക്കിന്റെ തിരിയിൽ കാറ്റടിച്ച് ഒരു "കരി ചിത്രം ". അന്ന് ഭിത്തിക്കൊന്നുo പെയിൻറടിക്കാറില്ല. പച്ചയിഷ്ടികക്ക് പണിത ഭിത്തിക്ക് പറമ്പിൽ നിന്നോ ഈണ്ടിയിടിച്ചോ നല്ല നിറമുള്ള ഒരു പാത്രം മണ്ണെടുത്ത് കൊണ്ടുവരും. അതു കലക്കി തുണികൊണ്ട് തേച്ച് പിടിപ്പിക്കും. മണ്ണിന്റെ കളറനുസരിച്ച് ഭിത്തിയും തിളങ്ങി നിക്കും. ചാണാൻ മെഴുകിയ തറക്കൊപ്പം മണ്ണു തേച്ച ഭിത്തിയും. തറ ചാണാൻ മെഴുകുന്നത് ഒരു സംഭവം തന്നെയാണ്. നല്ല ഫ്രഷ് ചാണകം വേണം അതിനൊപ്പം നല്ല വിറകുകരിയും, വിറകു കരി നന്നായി പൊടിച്ചെടുത്ത് ചാണാനും ചേർത്ത് കുഴക്കും: എന്നിട്ട് തറ മെഴുകും. ആഴ്ചയിൽ ഒന്നോ രണ്ടോ ഇങ്ങനെ മെഴുകേണ്ടി വരും. ഇതൊക്കെ പഴയ മൺ വീടിന്റെ നനവുള്ള മണ്ണിന്റെ മണമുള്ള ഓർമ്മകളാണ്. സുഖമുള്ള ഓർമ്മകൾ !!!