‘ബിജു ചേട്ടാ മുഴുവൻ മഴക്കാറാണല്ലോ നമുക്കു വേറെ ഒരു ദിവസം പോകാം ബീച്ചിൽ ’
അങ്ങനെ അതിനൊരു തീരുമാനമാക്കി വീട്ടിലുണ്ടാരുന്ന ഒരു നോവലിലേക്ക് കണ്ണോടിക്കാൻ തുടങ്ങിയപ്പോളേക്കും അലക്സിന്റെ വിളിയെത്തി.
‘ അമ്പാനെ എന്നാ പരുപാടി? ഗ്ലെൻവെക്ക് വിട്ടാലോ? ഇവളെ ഒന്ന് നടത്തണം!’
കേട്ട പാതി കേക്കാത്ത പാതി ഞാൻ പറഞ്ഞു
‘ എന്നാ ചോറുണ്ടിട്ട് നേരെ പോയേക്കാം’
അപ്പൊ തന്നെ ബിജു ചേട്ടനോടും റെഡി ആയി നിന്നോളാൻ പറഞ്ഞു.
ബീൻസും മുട്ടേം സാമ്പാറും ഇന്നലത്തെ മീഞ്ചാറും കൂട്ടി ചോറും തിന്ന് പിള്ളേരേം പെണ്ണുംപുള്ളേം അപ്പനേം ആയിട്ട് വണ്ടിയേൽ കേറിയപ്പോളേക്കും അലക്സ് ബിജു ചേട്ടനേം കൊച്ചിനേം ആയിട്ട് വന്നു.
ഇവിടുന്നു 21 കിലോമീറ്റർ ദൂരമുണ്ട് ഗ്ലെൻവെ നാഷണൽ പാർക്കിലേക്ക്. അയർലണ്ടിലെ ആറു നാഷണൽ പാർക്കിൽ ഒന്നാണ്.
ഫാമിലി വിസിറ്റ് വിസയിൽ അപ്പൻ ഇവിടെ എട്ടൊമ്പതു ദിവസം ആകുന്നേ ഉള്ളൂ. ഇവിടെ വന്നിട്ട് കുന്നും മലയും തോടുമൊക്കെയായി ഒരു ചെറിയ ഇടുക്കി ഫീൽ ഒക്കെ ഉള്ളതിനാൽ അപ്പ ഓക്കേ ആണ്. പോരാത്തതിന് വേനല്ക്കാലമായതിനാൽ എല്ലായിടത്തും പച്ചപ്പും. ഇങ്ങനൊക്കെ ആണേലും അപ്പൻ വന്നതിൽ പിന്നെ മിക്കവാറും ദിവസം മഴയും ആരുന്നു.
ഏകദേശം ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോൾ പാർക്കിലെത്തി. നാഷണൽ പാർക്ക് ആയത്കൊണ്ട് വണ്ടി പാർക്ക് ചെയ്യാൻ വേറെ ഫീ ഒന്നുമില്ല. പാർക്കിനുള്ളിലെ കോട്ടയിലേക്ക് നടന്നു പോകാൻ നാല് കിലോമിറ്റർ ദൂരമുണ്ട് അതോണ്ട് ബസിൽ പോകാൻ തീരുമാനിച്ചു. അവിടെ എത്തിയിട്ട് പിന്നെ കുറെ നടത്തമുണ്ട്. ഉദ്യാനത്തിലൂടെയും തടാകക്കരയിലൂടെയും മലമുകളിലേക്കൊക്കെയുമായിട്ട്. ബസിൽ പോയി തിരിച്ചു വരാൻ 3 € ആണ് ടിക്കറ്റ്.
അലക്‌സും ബിജു അണ്ണനും ബസ് ടിക്കറ്റ് എടുക്കാൻ പോയി, ഒരു കൂട്ടം മിന്ത് പോലുള്ള ജീവികൾ തലക്കു ചുറ്റും പറന്നു. പിന്നെ പിന്നെ കൊതുകു കുത്തുന്നപോലെ കിട്ടി കൊറേ കുത്തുകൾ. ടിക്കറ്റ് എടുത്ത് ബസ് കത്ത് നിന്നപ്പോൾ എല്ലാവർക്കും കിട്ടി ഇഷ്ടം പോലെ കുത്ത്. അലക്‌സിന്റെ മുഖമൊക്കെ അലർജിപോലെ ചുവന്നു തടിച്ചു വന്നു.
അപ്പന്റെ പോക്കറ്റിൽ കിടന്ന അമൃതാഞ്ജൻ സഹികെട്ട് അലക്സ് മുഖത്ത് വാരിപൊത്തി. മിന്ത് കടിച്ചതിനേക്കാൾ വയ്യാത്ത അവസ്ഥേലായി അലക്സ് . വലിയ തണുപ്പൊന്നുമില്ലാത്ത നല്ല കാലാവസ്ഥ ആരുന്നേലും മിന്ത് കടിയേറ്റു ആകെ മൂട് പോയി എല്ലാരും.
പിന്നെ വേറെ ഒന്നും ആലോചിക്കാൻ നിക്കാതെ മലമുകളിലെ വ്യൂ പോയിന്റിലേക്ക് നടന്ന് കേറി.
പോണ വഴി ആ ഗർഭിണിയായ കൊച്ചിനേം കൊണ്ട് വരാൻ വേറെ വഴി ഒന്നും കിട്ടിയില്ലേന്ന് ഭാര്യേടെ വക ശകാരോം.
ഇതൊക്കെ ആണേലും പോയ പോക്കിൽ കൊറേ തമാശകളും ചിരികളുമായിട്ട് സമയം പോയി. ഒപ്പം കൊറേ ഫോട്ടം പിടിച്ചു. മിന്തിന്റെ കടിയേറ്റ് ചിരിക്കാൻ പറ്റാതെ അലക്സങ്കിളും.
കോട്ടക്കകത്തെ ചായ പീടികേന്നു ഓരോ കപ്പു കാപ്പീം വാങ്ങി അവസാനത്തെ ബസിനു പാർക്കിങ്ങിലേക്ക് തിരിച്ചു പോന്നു.