STAY WITH US

Jack Fruit കുട്ടിക്കാലത്തെ ചക്കയോർമ്മകൾ

ചക്കക്കാലമാണ്. ഇത്തവണ ലോക്ക്ഡൗണ് ആയതിനാൽ ചക്കക്കാലം ആഘോഷമാണ്. ചക്കപ്പുഴുക്കും ചക്കക്കുരൂം മാങ്ങേം പണ്ടേ എന്റെ ഫേവറൈറ്റ് ആണ്. ഇപ്പോളാണേൽ പ്ലാവിലത്തോരൻ വരെ വൻ ഹിറ്റാണ് . ഈ അടുത്തിടക്കായി ചക്ക ചിക്കൻ എന്നൊരു ഐറ്റവും കാണാനിടയായി. മലയാളി പൊളിയാണ്.  
പണ്ട് പണ്ടാണ്. പണ്ട് എന്നു പറഞ്ഞാൽ സ്കൂളിൽ പോകുന്ന കാലത്ത്', സ്കൂൾ എന്നാൽ യുപി സ്കൂൾ കാലം. പറമ്പിൽ നിറയെ പ്ലാവുകളാണ്. പ്ലാവിൽ നിറയെ ചക്കയും.  ഓരോ പ്ലാവിനും ഓരോ പേരുകളുo ഇട്ടിട്ടുണ്ടട്ടോ.  ഉണ്ടപ്ലാവ്, മൂലേപ്ലാവ്, പാറേ പ്ലാവ്, തേൻവരിക്ക, അങ്ങനെ അങ്ങനെ. ഇതൊക്കെ  തിരിച്ചറിയാനെളുപ്പത്തിനാണട്ടൊ. അധികം വലുതാകാത്ത ഉണ്ട ചക്ക ഉണ്ടാകുന്ന പ്ലാവാണ് ഉണ്ടപ്ലാവ്. സംഭവം കൂഴപ്ലാവാണ്.   പറമ്പിന്റെ മൂലേൽ നിക്കുന്ന കൂഴചക്ക കായ്ക്കുന്നതിന്റെ പേര് മൂലേ പ്ലാവ്. അങ്ങനെ ചക്കേടെ രൂപത്തിനും നിക്കുന്ന സ്ഥലത്തിനുമനുസരിച്ച് ഓരോ പ്ലാവിനും പേരു വീണു. വീട്ടിലുള്ളവർക്ക് ഇങ്ങനൊക്കെ പറഞ്ഞാൽ കൃത്യമായി പ്ലാവേതാണെന്ന് മനസിലാകും.
Scene 1
 മലമുകളിലെ പറമ്പിൽ കൂടി മേളിച്ചു നടക്കുന്ന കാലം. വിശന്നാൽ നേരെ ഒരു പ്ലാവിലങ്ങു വലിഞ്ഞു കയറും. മിക്കവാറും കൂഴപ്ലാവിലാണ് കയറുക, അതിനൊരു കാരണമുണ്ട്. കുഴപ്ലാവീൽ കയറിയാൽ ചക്കപ്പഴത്തിന്റെ മടൽ കൈ കൊണ്ട് അടർത്തിമാറ്റാം. സൗകര്യമായി പഴുത്ത ചക്ക പ്ലാവിനു മുകളിലെ തന്നെ നല്ല ഒരു കൊമ്പിലിരുന്നു തിന്നാം. ചക്കപ്പഴം തിന്ന് ചക്കക്കുരു പല ദിശകളിലേക്ക് വലിച്ചെറിയും. ഈ പല ദിക്കിൽ പോയി വീഴുന്ന ചക്കക്കുരുവെല്ലാം മുളച്ച് പ്ലാവായി അതിലുണ്ടാകുന്ന ചക്കയൊക്കെ തിന്നുന്നത് സ്വപ്നം കണ്ടാണ് ഈ ഏറ്.  അങ്ങനെ കുറേ ചക്കപ്പഴം വയറ്റിലെത്തിയാൽ മടുപ്പാണ്. ഒരു ചക്ക മുഴുവൻ തിന്നാൻ പറ്റില്ലല്ലോ, ആവശ്യത്തിന് തിന്ന് കഴിയുമ്പോൾ ചക്കപ്പഴത്തോടു കൂടെ കുരുക്കൾ നാലു ദിക്കിലേക്കും പറക്കും. അവസാനം കൂഞ്ഞൽ മാത്രമാകും. പിന്നെ മുളഞ്ഞിയും  ചക്കപ്പഴോം പറ്റിയ കൈകൾ പ്ലാവിന്റെ തടിയിൽ ഉരച്ച് കളയും. മുളഞ്ഞിയൊന്നും പോകില്ല. പക്ഷേങ്കില് പ്ലാവേലെ പായലും പൊടിയുമൊക്കെ മൊളഞ്ഞിയുടെ കൂടെ കയ്യേലൊട്ടും. പിന്നെ വീട്ടിലെത്തി മണ്ണെണ്ണ പുരട്ടി വേണം ഇതൊക്കെ കളയാൻ. 

Scene 2
ഹൈസ്കൂളുകാലത്തെ പ്രധാന വിനോദമായിരുന്നു ചട്ടിപ്പന്ത് കൊണ്ടുള്ള ക്രിക്കറ്റ് കളി. ചട്ടിപ്പന്തോ അതെന്തു കുന്തമാ എന്നാണൊ? ചട്ടി കൊണ്ടുണ്ടാക്കിയ പന്തൊന്നുമല്ല കേട്ടോ. പ്ലാസ്റ്റിക് പന്താണ്: നല്ല കട്ടിയുള്ള പ്ലാസ്റ്റിക് പന്താണ്. ഇത് പറഞ്ഞപ്പോളാണ് കോർക്ക് ബോളിൽ കളിക്കുന്ന് ഓർമ്മ വരുന്നത് പുല്ലൂരി  കൂട്ടി ഒരേറു കിട്ടിയാൽ കിടുങ്ങും . നല്ല വേദനേം. പിന്നെ പച്ച വെള്ളം കൂട്ടി ഒരു തിരുമ്മാണ്.  ആ കഥ പിന്നീടൊരിക്കൽ പറയാം. അപ്പൊ നമ്മൾ പറഞ്ഞ് വന്നത് ചട്ടിപ്പന്ത് . പ്രധാനമായും കളി നടക്കുന്നത് അനിയൻ ചേട്ടായിയുടെ വീട്ടിലാണ്. വീടിന്റെ മുററമാണ് ഗ്രൗണ്ടും പിച്ചുമെല്ലാം. ചക്കക്കാലമായാൽ എപ്പോഴും വരാന്തയിൽ ഒരു വരിക്ക ചക്ക ഉണ്ടാകും. ഇനി അഥവാ ഇല്ലെങ്കിൽ ചക്കയിടും നല്ല പഴുത്ത വരിക്ക  ചക്ക. വാക്കത്തി കൊണ്ട് വെട്ടിപ്പിളർന്ന് ഒരു ചേർപ്പ് ചക്കപ്പഴം അകത്താക്കും എന്നിട്ടാണ് കളി തുടങ്ങുക. ചക്കപ്പഴത്തിന്റെ മണം അപ്പോഴും കയ്യിൽ ബാക്കിയുണ്ടാകും.

കഥ തുടരും...