STAY WITH US

വൈകുന്നേരങ്ങളിലെ സിറ്റിക്ക് പോക്കും ചായ കുടിയും

       ''ടക് ടക്...''
      വീടിനു താഴെ വഴിയിൽ നിന്നും നാക്ക് മടക്കി ഉച്ചത്തിലുള്ള വിളി; ''ടക് ടക്... വാ സിറ്റിക്ക് പോകാം'' കൈലിയൊക്കെ ഉടുത്തു  മഹേഷിന്റെ പ്രതികാരത്തിൽ കാണുന്നപോലെ കല്ലേലൊരച്ചു വെളുപ്പിച്ചെടുത്ത ലൂണാറിന്റെ വെള്ള  വള്ളിചെരുപ്പൊക്കെയിട്ട് കടയിൽ പോവാനുള്ള വിളിയാണത്. ഇടുക്കിയിൽ രണ്ടു മാടക്കടേം ഒരു ചായക്കടേം പിന്നെ ഒരു പലചരക്കു കടേമൊണ്ടേൽ അതൊക്കെ സിറ്റികളാണ്.  എറണാകുളവും തിരുവനന്തപുരവും കോഴിക്കോടുമൊന്നും പോലെ വലിയ സിറ്റിയൊന്നും ആവേണ്ട കാര്യമില്ല. പക്ഷേങ്കില് ഞങ്ങടെ മനസില് നമ്മുടെ സിറ്റി എന്നും അതിലുമെത്രയോ വലുതാണ്. പാറത്തോട് സിറ്റി, കപ്യാർ സിറ്റി, കുരുവിള സിറ്റി അങ്ങനെ ഒരുപാടു സിറ്റികൾ ഞങ്ങൾക്കുണ്ട്. ഒരു നല്ല ചായക്കടേം ഒരു മുറുക്കാൻ കടേം  മാത്രമുള്ള സിറ്റികൾ.

    ''ടക് ടക്...''
ചൂളം വിളിക്കു പകരം ഇവിടെ മാത്രമുള്ള ഒരു പ്രത്യേക ഉച്ചത്തിൽ മുഴങ്ങുന്ന ശബ്ദം വീടുമെത്തി ''ടക് ടക്...''. വൈകുന്നേരങ്ങളിൽ പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ കടയിലോട്ടുരു പോക്കുണ്ട് അടുത്തുള്ള ചേട്ടായിമാരുടെ കൂടെ. ഒരു കാര്യവുമില്ല ചുമ്മാ അങ്ങ് പോകുവാണ് സിറ്റിക്കു. വൈകുന്നേരങ്ങളിൽ വീട്ടിലിരിക്കുന്നു ഒരു മുഷിച്ചല് തന്നെയാണ് അതാണ് അടുത്തുള്ള ചേട്ടായിമാരുടേം കൂട്ടുകാരുടെമൊക്കെ കൂടെയുള്ള  സിറ്റിക്ക് പോക്കിനെ ഒരു ഹരമുള്ളതാക്കുന്നത്. 

   സിറ്റിയിൽ എത്തിയാൽ ആദ്യം പോകുന്നത് നേരെ ലൈബ്രറിയിലേക്കാണ്, സഹൃദയ ലൈബ്രറിയാണ് നമ്മുടെ. ലൈബ്രേറിയൻ നമ്മുടെ സുഹൃത്ത് തന്നെയാണ് വിജയൻ ചേട്ടൻ. അന്നുമിന്നും ലൈബ്രേറിയൻ വിജയൻ ചേട്ടൻ തന്നെയാണ്. ആള് കല്യാണമൊന്നും കഴിച്ചിട്ടില്ല. ബാച്ച്ലർ ആണ്. പൈസ കൊടുത്തില്ലേലും മെമ്പർഷിപ് കിട്ടുന്ന ഒരു സൗഹൃദമാണ് ചേട്ടനുമായിട്ടുള്ളത്. ആള് നല്ല സഖാവാണ്, പറയാതിരിക്കാൻ വയ്യ കട്ട സഖാവാണ്. അതുകൊണ്ടു തന്നെ വലിയ നിയന്ത്രണങ്ങളൊന്നുമില്ലാതെ തന്നെ പുസ്തകങ്ങളെടുക്കാനും വായിക്കാനുമൊക്കെ പറ്റും. കാലിനു കുറച്ചു വയ്യെങ്കിലും മലനടന്നിറങ്ങി ഇന്നും ലൈബ്രറിയിലേക്ക് പോകുന്ന വിജയൻ ചേട്ടനെ എല്ലാ വൈകുന്നേരങ്ങളിലും നമുക്ക് കാണാം.



  പുസ്തകമെടുക്കാൻ മാത്രമല്ല ലൈബ്രറിയിൽ എത്തുന്നത്, അൽപനേരം അവിടുത്തെ തടി ബെഞ്ചിലുരുന്നു പത്രമൊക്കെ വായിച്ചു ടീവി  കാണും. മാസികകളുടെ താളുകളൊക്കെ മറിച്ചു പടങ്ങൾ കണ്ടിരിക്കും. പിന്നെ കുറച്ചു നേരം ക്യാരംസ് കളിയൊക്കെ നോക്കി നില്കും. മറ്റൊരു വശത്തു ഒട്ടും ആവേശം ചോരാതെ ചെസ്സ് കളിയും ചീട്ടുകളിയുമൊക്കെ നടക്കുന്നുണ്ടാകും അവിടെ. 
      ഇവിടെ നിന്ന് പുറത്തിറങ്ങിയാൽ സിറ്റിയുടെ പല ഭാഗത്തായി കാണുന്ന ഒരുപാട് കൂട്ടുകാരുമായി വർത്താനമൊക്കെ പറഞ്ഞു കുറെ നേരം കളയും. ബസിൽ പോകുന്ന സുന്ദരിമണികളെയൊക്കെ നോക്കും. പാറത്തോട് ഒരു വലിയ സ്റ്റോപ്പ് തന്നെയാണ്. പണിക്കൻകുടിയിലേക്കും കമ്പിളികണ്ടത്തേക്കുമുള്ള ബസുകൾ ആ വഴി കടന്നു പോകും. അവിടെ ബസ് നിർത്തി ആളുകൾ ഇറങ്ങുകെയും കേറുകയും ഒക്കെ ചെയ്യുന്ന ഒരു സ്റ്റോപ്പ്, അവിടെ നിന്ന് ബസിലെ തരുണീമണികളെ നോക്കുന്നതാണ് ഒരു സുഖം തന്നെയാണ്. അവരെ കാണാൻ വേണ്ടി തന്നെ കുളിച്ചു തലമുടിയൊക്കെ  ഈരി അവിടെ നിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുമുണ്ടാകും.

             അവിടെനിന്ന് നേരെ പോകുന്നത് രാജേഷ് ചേട്ടായിയുടെ കടേലോട്ടാണ്.  രാജേഷ് എന്ന് പറയുന്നതിനേക്കാൾ മാട എന്ന് പറഞ്ഞാൽ എല്ലാർക്കുമറിയാം. ചേട്ടായിക് ഒരു ബാർബർ ഷോപ് ഉണ്ട്‌. നമ്മളെ സുന്ദരനാക്കാനുള്ള പല മാർഗങ്ങൾ പുള്ളി നമുക്ക് പറഞ്ഞും ചെയ്തും തരും; താടി ട്രിം ചെയ്യുക, മീശ വെട്ടി വെക്കുക അങ്ങനെ അങ്ങനെ നമ്മളെ സുന്ദരനാക്കാനുള്ള ഒരു പറ്റം പൊടിപ്പുവിദ്യകളുണ്ട് കയ്യിൽ.
   ഹൈറേഞ്ചിലെ ഒരുപാട് സൗഹൃദങ്ങൾ ഉടലെടുത്തിരിക്കുന്നതു ഇവിടങ്ങളിലെ ആറോ ഏഴോ കസേരകൾ നിരത്തിയിട്ടുള്ള ബാർബർ ഷോപ്പുകളിൽ നിന്നാണ്. ബാർബർ ഷോപ്പുകളുടെ പ്രത്യേകത സിനിമ മാസികൾ ആളാണ്, അതായതു ആളുകൾ അവിടെ കാത്തിരിക്കാൻ വേണ്ടി മേടിച്ചു വെച്ചിരിക്കുന്ന സാധനങ്ങളാണ് അവ. കൂട്ടത്തിൽ സിഡി പ്ലെയറിൽ നിന്നൊഴുകുന്ന പാട്ടുകളും ഇന്നും കാതുകളിലുണ്ട്.
                   
                       പാറത്തോട് സിറ്റിയിൽ വൈകുന്നേരമാകുമ്പോളാണ് നിറയെ ആളുകൾ എത്തുക.   പറമ്പിലെ പണിയൊക്കെ കഴിഞ്ഞും, കൂലിപണിയൊക്കെ എടുത്തും ഒക്കെ ഷീണിച്ചും ഒരു ചായ കുടിക്കാൻ അഞ്ചര ഒക്കെ ആകുമ്പോളേക്കും എത്തും. എത്ര വലിയ ബ്രാൻഡഡ് കടേൽ കേറി ബർഗർ കഴിച്ചാലും പിസ്സ തിന്നാലും ഇവിടുത്തെ ചായ കടേന്നു തിന്ന ചായേടെയും ഉള്ളിവടയുടെയും, പഴംപൊരിടേമൊന്നും അടുത്തെത്തില്ല എന്നതാണു  സത്യം. പൊറോട്ടക്കൊപ്പം ബീഫ് വാങ്ങിക്കണ്ട, എലൈറ്റിൽ പൊറോട്ടക്കൊപ്പം ബീഫിന്റെ ചാറു കിട്ടും. പുഴുങ്ങിയ മുട്ടേം, പാൽ ബണ്ണും, സുഖിയനുമൊക്കെ നിറച്ച ട്രേ മുന്നിൽ മേശപ്പുറത്തുണ്ടാകും. 
            ഹൈറേഞ്ചിനെ സംബന്ധിച്ചു കടക്കു പോയാൽ ഒരു ചായ കുടിക്കണം, ഒരു കടി കഴിക്കണം എന്നത് നിർബന്ധമാണ്. അപ്പൊ നമ്മൾ ചേട്ടായിമാരെ ആശ്രയിക്കും. അന്ന് നമ്മൾ സ്കൂളിൽ പഠിക്കുവല്ലേ ചേട്ടായിമാരാണ് നമുക്ക് ആഹാരമൊക്കെ വാങ്ങി തരുന്നത്. ഒരു ടൗണിലിറങ്ങിയാൽ അല്ലേൽ എങ്ങോടെലും പോയാൽ അവരായിരിക്കും നമ്മുടെ ഫുൾ ചെലവ് വഹിക്കുക. അങ്ങനെ ഈ ചേട്ടായിമാർ വാങ്ങിച്ചു തന്ന ബോണ്ടയുടെയും, പരിപ്പുവടയുടെയും, സുഖിയന്റെയും, പഴംപൊരിയുടെയുമൊക്കെ സ്വാദ് ഇപ്പോളും മനസ്സിലിങ്ങനെ സൂക്ഷിക്കുന്ന ആളുകളാണ്  ഞങ്ങൾ. അവരായിരുന്നു ശക്തി.
   ചായയൊക്കെ കുടിച്ചു പുറത്തിറങ്ങി വീണ്ടും വർത്തമാനങ്ങൾ തുടരും, വീട്ടിലേം നാട്ടിലേം വർത്തനങ്ങളും ട്രോളുകളുമൊക്കെയായിട്ടു( ഇപ്പോളത്തെ രീതിയിൽ ആളുകൾ പറയുന്ന ട്രോളുകൾ, നമ്മുടെ അന്നത്തെ കളിയാക്കലുകൾ). അങ്ങനെ ഒരു  എട്ടു മണി വരെ സിറ്റിയിൽ നിക്കും.
           വീട്ടിലേക്കു തിരിച്ചു പോക്ക് ഒരു രസം തന്നെയാണ്. പല മേഖലയിൽ ജോലി ചെയ്യുന്ന ചേട്ടായിമാരൊക്കെ ഉണ്ടാകും. തയ്യൽ കടേൽ ജോലി ചെയ്യുന്ന അമ്മാച്ചൻ എന്ന് വിളിക്കുന്ന അനീഷ് ചേട്ടായി, ബാങ്കിൽ ജോലി ചെയുന്ന ജോബി ചേട്ടായി അങ്ങനെ.  വലിയ കയറ്റങ്ങൾ നടന്നു കയറുന്നതു അറിയാതെ വർത്തമാനങ്ങളിൽ മുഴുകി ഒരു പോക്കാണ് അത്.  രണ്ടു വശങ്ങളിലും ഒരാൾപൊക്കത്തിലും വലുപ്പത്തിൽ തെരുവപുല്ലു വളർന്നു നിക്കുന്ന വഴികളിലൂടെയൊക്കെയാണ് പോക്ക്. (തെരുവ എന്നത് നിങ്ങൾക്കൊരുപക്ഷേ മനസിലാകില്ലാരിക്കും, പക്ഷെ പുൽത്തൈലം പണ്ട് മുതലേ റേഡിയോയില് കമ്പോള നിലവാരമൊക്കെ കേട്ടിട്ടുള്ളവർക്കു അറിയാം പുൽത്തൈലം എന്താണ് എന്ന്) അങ്ങനെ ഈ വഴിക്കു വീടുകളിലേക്കു എത്തുന്നത് ഒരു അനുഭവം തന്നെയാണ്.
                     സിറ്റിക് പോക്കും ചായകുടിയും ഇപ്പോ ഓർക്കാൻ സുഖമുള്ള ഓർമ്മകൾ മാത്രം. ഇനി നാട്ടിലെത്തുമ്പോൾ ഇതുപോലൊന്ന് പോണം, ചായ കുടിക്കണം, കുറെ വർത്തമാനങ്ങൾ പറയണം. ഒരു കണക്കും പറയാതെ സ്നേഹം മാത്രം മതി എന്ന് അവകാശപ്പെടുന്ന കുറേ സൗഹൃദങ്ങൾ...