STAY WITH US

കാടിന്റെ വന്യതയിൽ

''കാടാറു മാസം  നാടാറു   മാസം''
   അങ്ങനെ ഒരു യാത്ര പോയി. കാട്ടിലേക്കു, കാട്ടാനയും കാട്ടുപന്നിയും ചോരകുടിയന്മാരായ അട്ടകളുമുള്ള കനത്ത കാട്. കാടല്ലേ കാട്ടരുവികളും പുഴകളും ഇഷ്ടം പോലെ ഉണ്ട്. ബ്ലാവന കടത്തു കടന്നു അഞ്ചു  കിലോമീറ്റർ കനത്ത കാട്ടിലൂടെ പോണം കല്ലോലിമേട്ടിലെത്താൻ, കല്ലിമേടെന്നും പറയാം. ഗൂഗിൾ അമ്മച്ചി കല്ലിമേടെന്നാണ് പറയണേ. ബ്ലാവന കടവിൽ പാലമൊന്നുമില്ല. വള്ളത്തിലാണ് അക്കരെ കടക്കുന്നത്, വള്ളത്തിലെന്നു പറഞ്ഞാൽ രണ്ടു വള്ളങ്ങൾ കൂട്ടിക്കെട്ടി തീരത്തുണ്ടാകും. മഴക്കാലമായാൽ പുഴ കലങ്ങി  പാഞ്ഞൊഴുകും നല്ല ചെളിക്കളറിൽ. അങ്ങനെ കുത്തിയൊഴുകുന്ന പുഴ കടന്നു വേണം കല്ലോലിമേട്ടിലേക്കുള്ള കാനന പാതയിലേക്ക് കടക്കാൻ. കൂട്ടികെട്ടിയിരിക്കുന്ന രണ്ടു വള്ളങ്ങളുടെ മുകളിലേക്കു ജീപ്പ് ഓടിച്ചു കേറ്റും . ജീപ്പിനുള്ളി നല്ല ലോഡ് ഉണ്ടാകും കേട്ടോ. കല്ലോലിമേട് ഗ്രാമത്തിലേക്കുള്ള സാധനങ്ങളെല്ലാം ഇങ്ങനെയാണ് കൊണ്ടുപോകുന്നത്. ഉപ്പു മുതൽ വീട് പണിയാനുള്ള സിമന്റ് വരെ വണ്ടിയിലുണ്ടാകും.



         വള്ളത്തിൽ വണ്ടി കേറ്റിയാൽ പിന്നെ രണ്ടു കരയും തമ്മിൽ ബന്ധിപ്പിച്ചേക്കുന്ന കയറിൽ പിടിച്ചു അക്കരെ എത്തിക്കും. നല്ല മഴക്കാലമാണേൽ പുഴ നിറഞ്ഞു ഒഴുകുന്ന കൊണ്ട് കടവൊന്നും കാണാനുണ്ടാവില്ല. നല്ല പരിചയക്കാരായ ജീപ്പ് ഡ്രൈവർമാർക്ക്  ഇതൊക്കെ നിസ്സാരം അവർ വള്ളത്തിൽ നിന്നും ജീപ്പൊക്കെ പെട്ടെന്ന് തന്നെ കരക്കെത്തിക്കും.
       ഇനിയാണ് ശരിക്കുള്ള യാത്ര തുടങ്ങുക. നല്ല കാട്ടിലൂടെയുള്ള യാത്ര. ചൂട് ആവി പറക്കുന്ന ആനപ്പിണ്ടം ഒക്കെ വഴിയിൽ കാണാം. ചിലപ്പോൾ കാട്ടാനകളേം എന്നാണ് കൂടെയുള്ളവർ പറഞ്ഞത്. പോണ വഴി ആന വന്നാൽ എന്താണ് ചെയ്യുക എന്ന് ചിന്തിക്കാനുള്ള അവസരമൊന്നുമില്ലായിരുന്നു. വഴി നീളെ കാടിന്റെ  വന്യമായ സുന്ദര ദൃശ്യങ്ങളായിരുന്നു. മഴക്കാലം കൂടി ആയതിനാൽ അതിന്റെ  ഭംഗി ഒന്നുകൂടി കൂടുതലുണ്ടായിരുന്നെനിക്കു തോന്നി.
              മഴ പെയ്തു തോർന്ന വഴിയിൽ ആനകളെ കണ്ടില്ലെങ്കിലും ആനപിണ്ഡം ഇഷ്ടംപോലെ കണ്ടു.  കഷ്ടിച്ച് ഒരു ജീപ്പിനു മാത്രം പോകാവുന്നത്ര വീതിയുള്ള വഴിയാണ്. വഴിക്കിരുവശവും പൊന്തൻകാടുകളും കൂറ്റൻ മരങ്ങളുമാണ്. അങ്ങനെ ആ മല കേറി കല്ലോലിമേട്ടിലെത്തി. കാട്ടിനുള്ളിലെ കുഞ്ഞു ഗ്രാമം. ഒന്ന് രണ്ടു കടകളും പത്തോ പന്ത്രണ്ടോ വീടുകളും മാത്രമുള്ള ഗ്രാമം. ഇവിടെയാണ് ഇനിയുള്ള മൂന്നു നാല് ദിവസങ്ങൾ, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ. മൊബൈൽ ഫോണിനൊന്നും നെറ്റ്‌വർക്കൊന്നുമില്ലാത്ത സ്ഥലമാണ്. പ്രകൃതിയുടെ വന്യതകൾ മാത്രം. ഗ്രാമത്തിനു ചുറ്റും കൊടും കാട് ആണ്, ആനയും കാട്ടുപന്നിയുമൊക്കെ എപ്പോ വേണമെങ്കിലും വരാം. ഇടക്കൊക്കെ ശ്രദ്ധിച്ചാൽ ആനയുടെ ചിന്നം  വിളിയൊക്കെ ഉയർന്നു കേൾക്കാനാകും,  അങ്ങനെ  മനുഷ്യന്റെ അധികം പോറലേൽക്കാതെ പ്രകൃതിയുടെ, കാടിനു നടുവിൽ കുറച്ചു ദിവസം ശാന്തം സ്വസ്ഥം.

      ഒരു കാര്യം പറയാൻ മറന്നു ഗ്രാമത്തിനു ചുറ്റും കരണ്ടു കൊണ്ടുള്ള കമ്പി വേലി കെട്ടിയിട്ടുണ്ട് ആന വരാതിരിക്കാനാണ് ഇത്. കരണ്ടു കമ്പി സോളാർ പാനൽ കൊണ്ടുള്ളതാണ്. ഇവിടെ ഇലട്രിസിറ്റി  ലൈൻ ഒന്നും എത്തിയിട്ടില്ല.  ഇങ്ങനെ കരണ്ടു പ്രവഹിക്കുന്ന ലൈൻ ഒക്കെ വെച്ച് വേലി കെട്ടിയിട്ടുണ്ടെകിലും ആന ഇടക്കൊക്കെ ഗ്രാമത്തിൽ വരും. ഒരു ചെറിയ കമുകോ ചെറിയ ഏതേലും മരമോ തുമ്പികൈകൊണ്ടു പിഴുതു വേലിയിലിടും അങ്ങനെ വേലി തകർത്താണ് ആശാൻ ഉള്ളിൽ കേറുക. എന്നിട്ടു  അവിടുത്തെ കൃഷിയൊക്കെ ചവിട്ടി മെതിച്ചു കടന്നു പോകും. ആകെപ്പാടെ ഒരു വെരകലാണ്.

       അങ്ങനെ ഗ്രാമത്തിലെ രണ്ടാം ദിവസം. ഇടവപ്പാതി ആണ്. കാലത്തെ തന്നെ നല്ല മഴ. കാപ്പിയൊക്കെ കുടിച്ചു ഉച്ച വരെ ഇരുന്നു. ഇനി കാടു കാണാൻ ഇറങ്ങാം. ഒരു പഴയ കൈലിയും ബനിയനുമൊക്കെ ഇട്ടു മഴ ആസ്വദിച്ചാണ് നടപ്പു. ഞങ്ങൾ അഞ്ചാറു പേരുണ്ട്, കുറെ പേരോടൊപ്പം മഴയും നനഞ്ഞു കാട്ടിനുള്ളിൽ. അതൊരു സുഖം തന്നെയാണ്. വനത്തിനുള്ളിലൂടെ പുഴക്കരയിലേക്കാണ് പോക്ക്. വഴിയൊന്നുമില്ല കാടല്ലേ നമ്മൾ പോകുന്നിടം വഴി, ഏതോ കാട്ട് മൃഗങ്ങൾ പോയ വഴിച്ചാലുകളൊക്കെയുണ്ട് അതിലൂടെ അങ്ങനെ പോകാം. ആനപിണ്ഡമൊക്കെ വഴി നീളെ ഉണ്ട്. ആനക്കാടാണല്ലോ. നിറയെ മുളയും ഈറ്റയുമൊക്കെ വളർന്നു നിൽക്കുന്നുണ്ട്. യഥേഷ്ടം ആനകൾ മേഞ്ഞു നടക്കുന്ന അവരുടെ ലോകം. അങ്ങനെ മഴയത്തു കാട്ടിലൂടെ നടന്നു പുഴക്കരയിലെത്തി. മീൻ പിടിക്കാൻ വീശു വലയൊക്കെ ഉണ്ട്, തോരാതെ പെയ്യുന്ന മഴയത്തു കുതിച്ചൊഴുകുന്ന പുഴ. കാടിനുള്ളിലെ മഴ ഒരു പ്രത്യേക അനുഭൂതിയാണ്.  പുഴയിലേക്ക് നേരെ പെയ്യുന്ന മഴത്തുള്ളികൾ, പുഴയൊഴുകി കുതിച്ചു ചാടുന്ന വെള്ളച്ചാട്ടം. കാടെത്ര മനോഹരിയാണ്!  മരക്കൊമ്പിലും ഇലകളിലും തട്ടി തട്ടി താഴോട്ട് പതിക്കുന്ന നേർത്ത മഴത്തുള്ളികൾ. 

      പുഴയുടെ നടുക്കായി ഒരു പാറയുണ്ട്. അതിനു ചുറ്റിലും പുഴ കലയെറിഞ്ഞാണ് മീൻ പിടിക്കുക. കാട്ടിലെ പുഴയിലെ മീനുകൾ. അങ്ങനെ കാട്ടിലെ കാഴ്ച്ചകൾ കണ്ടും മീൻ പിടിച്ചും സമയം പോയി. അതിനിടയിൽ മഴ ഇടയ്ക്കു ആർത്തു പെയ്തു പിന്നെ  ശമിച്ചു വീണ്ടും ചാറ്റൽമഴ... 

    മീനൊക്കെയായിട്ട് ഗ്രാമത്തിലേക്കു തിരിച്ചു പോകാറായി. ചെറിയ അരുവികളൊക്കെ കടന്നാണ് പുഴയിലെത്തിയത്.  ഇവയൊക്കെ കടന്നു തിരികെ എത്തണം. കലങ്ങി കുതിച്ചൊഴുകുന്ന പുഴയും വെള്ളച്ചാട്ടവും ഒരു വട്ടം കൂടി മഴയത്തു കണ്ടു,  മഴയത്തു നനഞ്ഞു നിൽക്കുന്ന ഈറ്റയിലയൊക്കെ വകഞ്ഞു മാറ്റി കിട്ടിയ മീനുമായി കാട്ടിലൂടെ  തിരിച്ചു നടന്നു.

      കുളയട്ടയൊക്കെ ഉള്ള കാടാണ്‌. തോട്ടാപ്പുഴു കടിച്ചാൽ  ചോര കുടിച്ചു വീർക്കും. വിളിക്കാതെ വലിഞ്ഞു കേറി വരുന്ന അതിഥികളാണ് ഇവറ്റകൾ. ചിലപ്പോളൊക്കെ ചോരകുടിച്ചു വീർക്കും വരെ അറിയില്ല. ഇവറ്റകളെ വകവരുത്താൻ കയ്യിൽ ഉപ്പൊക്കെയായിട്ടാണ് പോക്ക്. എന്നാലും കിട്ടി മൂന്നാലു കടി!!!  കടിച്ചവനെയൊക്കെ ഉപ്പിട്ട് തുരത്തി, കടിക്കുമ്പോ വേദനയൊന്നുമറിയില്ല. ചിലപ്പോ ഒന്നു രണ്ടു ദിവസം കഴിയുമ്പോൾ   കടിച്ച സ്ഥലത്തു ചൊറിച്ചിൽ വരും. അങ്ങനെ താമസ സ്ഥലം ലക്ഷ്യമാക്കി ഏതോ വന്യ ജീവി പോയ വഴിച്ചാലിലൂടെ മുന്നോട്ടു നടന്നു.

തുടരും...